ഡിജിറ്റൽ കാലത്ത് കഴുത്തറപ്പൻ വട്ടിപ്പലിശക്കാരുടെ സ്ഥാനം കൈയടക്കി വായ്പ ആപ്പുകൾ. ഒറ്റ ക്ലിക്കിൽ ചോദിക്കുന്ന പണം അക്കൗണ്ടിലെത്തു മെന്നത് മുഖ്യാകർഷണം. തിരിച്ചടവ് തെറ്റിയാൽ വായ്പയെടുത്തയാളുടെ ജീവനും ജീവിതത്തിനും ഇവർ വില്ലനാകുന്നു. അത്തരം ആപ്പുകൾ തകർത്ത ജീവിതങ്ങളെക്കുറിച്ച് കൊച്ചി ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ ശ്രീരാജ് ഓണക്കൂർ തയ്യാറാക്കിയ പരമ്പര വായിക്കാം ഇന്നുമുതൽ
കൊച്ചി
‘ഈ ചതി ലോകം മുഴുവൻ അറിയട്ടെ’–- ഓൺലൈൻ ലോൺ ആപ്പിൽ തലവച്ച് ഒടുവിൽ ആത്മഹത്യ ചെയ്യേണ്ടിവന്ന വലിയ കടമക്കുടി മാടശേരിവീട്ടിൽ നിജോയുടെ അമ്മ ആനിയുടെ വാക്കുകൾ. മകന്റെ മരണവാർത്തയറിഞ്ഞ് എത്തിയവരോട് ആനിക്ക് പറയാനുള്ളത് ഓൺലൈൻ ലോകത്തെ ചതിക്കുഴിയെപ്പറ്റി. കടമക്കുടിയിൽ മക്കളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കിയെന്ന വാർത്ത കേരളം കേട്ടത് ഞെട്ടലോടെയാണ്. നിജോ (39), ഭാര്യ ശിൽപ്പ (29), മക്കൾ ഏയ്ബൽ (ഏഴ്), ആരോൺ (അഞ്ച്) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഓൺലൈൻ വായ്പ എടുത്തശേഷം തിരിച്ചടവ് മുടങ്ങിയതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. ശിൽപ്പയുടെ പേരിലായിരുന്നു വായ്പ. തിരിച്ചടവ് മുടങ്ങിയപ്പോൾ ആദ്യം ഹിന്ദിയിൽ ഭീഷണിസന്ദേശമെത്തി. ശിൽപ്പയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പരിചയക്കാരുടെ ഫോണിലേക്ക് അയച്ച് വീണ്ടും ഭീഷണി. അടയ്ക്കേണ്ട തുക കാണിച്ചുള്ള സന്ദേശങ്ങളും പലർക്കും ലഭിച്ചു. നാലംഗകുടുംബം മരിച്ചിട്ടും തട്ടിപ്പുസംഘം കനിവ് കാണിച്ചില്ല. പരിചയക്കാരന്റെ ഫോണിലേക്ക് വ്യാഴാഴ്ചയും ശിൽപ്പയുടെ വ്യാജചിത്രങ്ങൾ വന്നു. പെട്ടെന്നുള്ള സാമ്പത്തികാവശ്യങ്ങൾക്ക് ഓൺലൈൻ പേഴ്സണൽ ലോൺ എടുക്കുന്നവർ നേരിടേണ്ടിവരുന്നത് ഇത്തരം ചതികൾ.
കെണിയുടെ തുടക്കം
ഓൺലൈൻ ലോൺ ആപ്പ് നിങ്ങളുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ കെണി തുടങ്ങുന്നു. ആപ് ഇൻസ്റ്റാൾ ചെയ്താൽ ഫോണിലെ മുഴുവൻ കോൺടാക്ടുകളും വിവരങ്ങളും തട്ടിപ്പുസംഘം ചോർത്തും. പണം അടയ്ക്കുന്നത് മുടങ്ങിയാൽ ആദ്യം ഭീഷണിസന്ദേശമെത്തും. സാമ്പത്തിക കുറ്റകൃത്യങ്ങളിൽപ്പെട്ടയാൾ, പീഡനവീരൻ തുടങ്ങിയ സന്ദേശത്തോടെ വായ്പയെടുത്തയാളുടെ ചിത്രം വാട്സാപ്പിൽ പ്രചരിപ്പിക്കും. ചിലപ്പോൾ വായ്പയെടുത്തയാളുടെയും കുടുംബാംഗങ്ങളുടെയും മോർഫ് ചെയ്ത ചിത്രങ്ങളും. സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെടാം. ആധാർ കാർഡും പാൻ കാർഡും മാത്രം നൽകിയാൽ വേഗം പണം ലഭിക്കുമെന്നതാണ് ഇത്തരം ആപ്പുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. എന്നാൽ 36 മുതൽ 50 ശതമാനംവരെയാണ് പലിശ. തിരിച്ചടയ്ക്കാൻ വെെകിയാൽ പലിശ പിന്നെയും കൂട്ടും.
വായ്പ എടുത്തില്ലെങ്കിലും ‘ആപ്പി’ലാകും
ഓൺലൈൻ വായ്പ എടുക്കാതെ ആപ്പിലായ കഥയാണ് കാലടി സ്വദേശിക്ക് പറയാനുള്ളത്. ഫെയ്സ്ബുക്കിൽനിന്നാണ് പേഴ്സണൽ ലോൺ ആപ്പിനെക്കുറിച്ച് അറിഞ്ഞത്. ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്തു. ആവശ്യപ്പെട്ടതനുസരിച്ച് ഫോൺ നമ്പർ യുവാവ് അതിൽ ടൈപ്പ് ചെയ്തു. തുടർന്ന് നമ്പറിലേക്ക് വന്ന ഒടിപിയും നൽകി. പിന്നീട് വാട്സാപ്പിലേക്ക് വന്നത് ലോൺ എടുക്കാൻ ആദ്യം 2600 രൂപ വേണമെന്ന സന്ദേശമാണ്. സംശയം തോന്നിയ യുവാവ് താൽപ്പര്യമില്ലെന്നു പറഞ്ഞ് ഒഴിയാൻ നോക്കി. എന്നാൽ, യുവാവിന്റെ പരിചയത്തിലുള്ള പെൺകുട്ടിക്ക് സംഘം ഒരു ചിത്രം അയച്ചുകൊടുത്തു. യുവാവ് പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണെന്നു പറയുന്ന പോസ്റ്ററാണ് അയച്ചുകൊടുത്തത്. ഇതറിഞ്ഞ യുവാവ് കാലടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഫിലിപ്പീൻസ് നമ്പറുകളിൽനിന്നാണ് സന്ദേശങ്ങൾ എത്തിയത്. ഈ നമ്പർ ബ്ലോക്ക് ചെയ്താൽ അടുത്ത നമ്പറിൽനിന്ന് സന്ദേശം എത്തും. പരാതി നൽകിയത് അറിയിച്ചതോടെ തട്ടിപ്പുസംഘം സന്ദേശം അയക്കുന്നത് നിർത്തി.
സംഘത്തലപ്പത്ത്
‘മലയാളി’കളും?
തട്ടിപ്പുസംഘത്തിന്റെ തലപ്പത്ത് മലയാളികളുള്ളതായാണ് സൂചന. ഫിലിപ്പീൻസ്, ശ്രീലങ്ക നമ്പറുകളിൽനിന്നാണ് ഭീഷണി വരുന്നതെങ്കിലും പിന്നിൽ മലയാളികളും ഉൾപ്പെടുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഓൺലൈൻ വായ്പാ കെണിയിൽപ്പെട്ട് കരഞ്ഞുകൊണ്ടെത്തിയ യുവതിയുടെ കേസിലാണ് ഇക്കാര്യം വ്യക്തമായത്. റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് യുവതി എത്തിയത്. ഉടൻ എസ്ഐ പെൺകുട്ടിയുടെ ഫോൺ വാങ്ങി ഭീഷണിസന്ദേശം വന്ന വാട്സാപ് നമ്പറിലേക്ക് വീഡിയോ കോൾ ചെയ്തു. അങ്ങേതലയ്ക്കൽ കണ്ടയാൾ ആദ്യം സംസാരിച്ചത് ഹിന്ദിയിൽ. എസ്ഐയെ കണ്ടതോടെ പച്ച മലയാളത്തിൽ തെറിവിളിയായി. ഇത്തരം മൂന്ന് കേസുകളിലും തട്ടിപ്പുകാരൻ ഒടുവിൽ സംസാരിച്ചത് മലയാളത്തിൽ.
മലയാളികളും ഈ തട്ടിപ്പിനുപിന്നിലുള്ളതായി തെളിവ് ലഭിച്ചെന്ന് സൈബർ വിദഗ്ധനും അഭിഭാഷകനുമായ ജിയാസ് ജമാൽ പറയുന്നു.
(തട്ടിപ്പിന് വാടക അക്കൗണ്ടുകൾ–- അതേക്കുറിച്ച് നാളെ)