തിരുവനന്തപുരം
വാർഷിക വായ്പാപരിധി വെട്ടിക്കുറച്ചും കിഫ്ബി പോലുള്ള സ്ഥാപനങ്ങളുടെ കടം സംസ്ഥാനത്തിന്റെ വായ്പയാണെന്ന് പ്രഖ്യാപിച്ചും കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ അധിക കടമെടുക്കാൻ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. കോവിഡ് കാലത്ത് സംസ്ഥാനത്തിന്റെ അധിക കടമെടുപ്പ് പരിധി അഞ്ചു ശതമാനത്തിലേക്ക് ഉയർത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം മൂന്നര ശതമാനമായിരുന്നു. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് ഈ സാമ്പത്തികവർഷം മൂന്നു ശതമാനത്തിലധികം അധിക കടമെടുപ്പ് പാടില്ലെന്ന കേന്ദ്രത്തിന്റെ കടുംപിടിത്തം.
അധിക കടമെടുപ്പിലൂടെ 8000 കോടിയിലധികം രൂപ സംസ്ഥാനത്തിന് കൂടുതൽ ലഭിക്കുമായിരുന്നു. നിലവിലെ സാമ്പത്തികപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒരു ശതമാനം അധിക കടമെടുപ്പ് അനുവദിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. ഇത് അനുവദിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കേന്ദ്രം കത്തയച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള പകപോക്കൽ നയങ്ങൾ അവസാനിപ്പിക്കുന്നില്ലെന്ന സൂചനയാണ് പുതിയ നിലപാടിലും. കിഫ്ബിയടക്കമുള്ള സ്ഥാപനങ്ങളുടെയും സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയുടെയും കടമെടുപ്പ് സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയതും സംസ്ഥാനത്തെ ഗുരുതരമായി ബാധിച്ചിരുന്നു. ജിഎസ്ടി നഷ്ടപരിഹാരത്തിന്റെയും റവന്യുകമ്മി ഗ്രാന്റിന്റെയുമെല്ലാം കാര്യത്തിൽ സ്വീകരിച്ച അതേ പാതയിലാണ് കേന്ദ്രത്തിന്റെ ഏറ്റവുമൊടുവിലത്തെ നിലപാടും.