ന്യൂയോർക്ക്
ടൈം മാസിക തയ്യാറാക്കിയ ലോകത്തെ രൂപപ്പെടുത്തുന്ന ഉയർന്നുവരുന്ന 100 നേതാക്കളുടെ പട്ടികയിൽ മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ. ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗർ, നന്ദിത വെങ്കിടേശൻ, മലയാളിയായ വിനു ഡാനിയേൽ എന്നിവരാണ് ‘എമർജിങ് ലീഡേഴ്സ് ഷേപ്പിങ് ദ വേൾഡ്’ പട്ടികയിൽ ഇടംപിടിച്ചത്.
മണ്ണും പാഴ്-വസ്തുക്കളും ഉപയോഗിച്ച് കെട്ടിടങ്ങൾ ഉണ്ടാക്കുന്ന വാൾമേക്കേഴ്സ് സ്റ്റുഡിയോ ഉടമയാണ് വിനു ഡാനിയേൽ. 1982-ൽ ദുബായിൽ ജനിച്ച വിനു തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ആർക്കിടെക്ചർ പഠിച്ചു. ലാറി ബേക്കറെ കണ്ടുമുട്ടിയതോടെ വാസ്തുവിദ്യയോടുള്ള മനോഭാവം മാറ്റി. സുനാമിക്ക് ശേഷമുള്ള നിർമാണത്തിന് യുഎൻഡിപിയുടെ ഭാഗമായി പോണ്ടിച്ചേരിയിലെ ഓറോവിൽ എർത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് വർഷം ചെലവഴിച്ചു. പ്രകൃതിയോടിണങ്ങുന്ന നിരവധി വീടുകള്‍ കേരളത്തിനകത്തും പുറത്തും അദ്ദേഹം ഒരുക്കി. കേരളത്തിലെ കൽപ്പണിക്കാരും തൊഴിലാളികളും നാട്ടുകാരും ആണ് തന്റെ മികച്ച അധ്യാപകരെന്ന് വിനു പറയുന്നു. 2007ലാണ് വാൾമേക്കേഴ്സ് ആരംഭിക്കുന്നത്.