തിരുവനന്തപുരം
കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാടിനെതിരെ സമരം ചെയ്യാൻ യുഡിഎഫ് എംപിമാർ തയ്യാറുണ്ടോയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ചോദിച്ചു. ഇത്രകാലം കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടാൻ യുഡിഎഫ് എംപിമാർ തയ്യാറായിട്ടില്ല. ജനങ്ങൾ ഇത് തിരിച്ചറിയുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ ചില സമര പദ്ധതികൾ തയ്യാറാക്കിയെന്നാണ് പ്രചരിപ്പിക്കുന്നത്. സമരത്തിന് തയ്യാറാണെന്നു പറയുന്നതിൽ ആത്മാർഥയുണ്ടെങ്കിൽ തീയതി നിശ്ചയിച്ച് ജനങ്ങളെ അറിയിക്കണം. ഡൽഹിയിലെ സമരത്തിൽ കേരളത്തിലെ എൽഡിഎഫ് എംപിമാരെല്ലാം പങ്കെടുക്കുമെന്നും ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറയവേ മന്ത്രി പറഞ്ഞു.
പ്രയാസങ്ങൾക്കിടയിലും സംസ്ഥാന സർക്കാർ കഴിയാവുന്നതെല്ലാം ഉറപ്പാക്കുന്നുണ്ട്. പഞ്ചായത്തുകളുടെ കഴിഞ്ഞവർഷത്തെ പദ്ധതിച്ചെലവ് 105 ശതമാനമാണ്. ഈവർഷവും ഒരു കുറവുമുണ്ടാകില്ല. ഇക്കാര്യങ്ങളിലെല്ലാം പ്രതിപക്ഷം വ്യാജപ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. ചർച്ചകൾക്കു ശേഷം ബിൽ നിയമസഭ പാസാക്കി.