ന്യൂഡൽഹി
തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റിന്റെ അഞ്ചുദിവസത്തെ പ്രത്യേക സമ്മേളനത്തിൽ സർക്കാർ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ള അജൻഡയ്ക്ക് പുറമെ അപകടകരമായ ചില ബില്ലുകൾക്കുകൂടി സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ പ്രതിപക്ഷ പാർടികൾ. ബുധൻ രാത്രി വൈകി പുറത്തുവിട്ട അജൻഡ പ്രകാരം പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെക്കുറിച്ചുള്ള ചർച്ചയാണ് പ്രധാന ഇനം. മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെയും കമീഷനംഗങ്ങളുടെയും നിയമനം വീണ്ടും സർക്കാർ നിയന്ത്രണത്തിലാക്കിയുള്ള ബിൽ പാസാക്കാനായി ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. അഡ്വക്കറ്റ്സ് (ഭേദഗതി) ബിൽ, പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് പീരിയോഡിക്കൽസ് ബിൽ, പോസ്റ്റ്ഓഫീസ് ബിൽ എന്നിവയുമുണ്ട്.
‘പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രം: നേട്ടങ്ങൾ, അനുഭവങ്ങൾ, ഓർമകൾ, പാഠങ്ങൾ’ എന്ന വിഷയത്തിൽ പ്രത്യേക ചർച്ചയാണ് ആദ്യ ദിവസം അജൻഡയിലുള്ളത്. തിങ്കളാഴ്ച ഈ ചർച്ചയ്ക്കുശേഷം ഗണേഷ ചതുർഥി ദിവസമായ ചൊവ്വാഴ്ച പൂജയോടെ പുതിയ പാർലമെന്റിലേക്ക് നടപടികൾ മാറുമെന്നും അഭ്യൂഹങ്ങളുണ്ട്. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രം 2021ലും ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. സ്പീക്കർ ഓം ബിർള ഇതുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നുവെന്ന് കോൺഗ്രസ് മാധ്യമവിഭാഗം തലവൻ ജയ്റാം രമേശ് പ്രതികരിച്ചു. സർക്കാർ നിലവിൽ പുറത്തുവിട്ടിട്ടുള്ള അജൻഡയ്ക്കായി ഒരു പ്രത്യേക സമ്മേളനത്തിന്റെ ആവശ്യമില്ല. ശീതകാല സമ്മേളനത്തിൽ പരിഗണിക്കാവുന്ന വിഷയങ്ങളേയുള്ളൂ. മറ്റേതെങ്കിലും ‘നിയമ ബോംബ്’ സർക്കാർ ഒളിപ്പിച്ചു വച്ചിട്ടുണ്ടോയെന്ന് പറയാനാകില്ല–- ജയ്റാം രമേശ് പറഞ്ഞു.
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കുന്നതിനാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ നിയമന ബില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെയും അംഗങ്ങളെയും പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്നിവർ ഉൾപ്പെട്ട സമിതി തെരഞ്ഞെടുക്കണമെന്നാണ് ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. എന്നാൽ, സർക്കാർ കൊണ്ടുവന്നിട്ടുള്ള ബില്ലുപ്രകാരം പ്രധാനമന്ത്രിയും ലോക്സഭാ നേതാവും ഒരു കാബിനറ്റ് മന്ത്രിയും ഉൾപ്പെടുന്ന സമിതിയാകും നിയമനങ്ങൾ തീരുമാനിക്കുക. മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെയും അംഗങ്ങളെയും നിയമിക്കുന്നതിനുള്ള അധികാരം പൂർണമായും കേന്ദ്രത്തിനു കീഴിൽ കൊണ്ടുവരുന്നതാണ് ബിൽ. ഇന്ത്യാ കൂട്ടായ്മയിലെ കക്ഷികൾ ബില്ലിനെ തോൽപ്പിക്കും–- യെച്ചൂരി പറഞ്ഞു. പ്രത്യേക സമ്മേളനത്തിൽ എല്ലാ ദിവസവും ഹാജരാകാൻ ബിജെപിയും കോൺഗ്രസും അംഗങ്ങൾക്ക് വിപ്പ് നൽകി.