ചെന്നൈ > തമിഴ്നാട്ടില് മൂന്ന് യുവതികള് ക്ഷേത്രപൂജാരിമാരാകാനുള്ള പരിശീലനം പൂര്ത്തിയാക്കി. ബ്രാഹ്മണ വിഭാഗങ്ങളില്‍ നിന്നുള്ളവരല്ലാത്ത എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് ശ്രീ രംഗനാഥര്‍ ക്ഷേത്രത്തിനു കീഴിലെ അര്ച്ചകര് ട്രെയിനിങ് സ്കൂളില്നിന്ന് പരിശീലനം നേടിയത്. വ്യാഴാഴ്ച മന്ത്രി പി കെ ശേഖര് ബാബുവില്നിന്ന് മൂവരും സര്ട്ടിഫിക്കറ്റ് സ്വീകരിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ യുവതികളെ സമൂഹമാധ്യമത്തിൽ അഭിനന്ദിച്ചു. പൈലറ്റുമാരായും ബഹിരാകാശ യാത്രികരായും സ്ത്രീകൾ നേട്ടങ്ങൾ കൈവരിച്ചിട്ടും, ക്ഷേത്ര പൂജാരിമാരുടെ റോളിൽ നിന്ന് അവരെ തടഞ്ഞു, ഇവരെ അശുദ്ധരായി കണക്കാക്കപ്പെടുന്നു. ഒടുവിൽ മാറ്റം വന്നിരിക്കുന്നു” എന്നായിരുന്നു മുഖ്യമന്ത്രി എക്സിൽ (ട്വിറ്റർ) കുറിച്ചത്. ഇത് സമത്വത്തിന്റെ പുതിയൊരു യുഗത്തിലേക്കുള്ള തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ ക്ഷേത്രപുരോഹിതരാകാനുള്ള പരിശീലനം പൂര്ത്തിയാക്കുന്ന ആദ്യവനിതകളാണ് ഇവര്.