കോഴിക്കോട്
അർധരാത്രിയിലെ തണുപ്പിലും പിപിഇ കിറ്റിനുള്ളിൽ വിയർത്ത് കുതിർന്നിരുന്നു ഇൻസാഫും ഒപ്പമുള്ളവരും. നിപാ ബാധിച്ച് മരിച്ചയാളുടെ മയ്യത്തിലേക്ക് അവസാന പിടി മണ്ണിടുമ്പോൾ കടമേരി ജുമാമസ്ജിദ് പള്ളിപ്പറമ്പിൽ ഖബറടക്കത്തിന്റെ പതിവ് ആൾക്കൂട്ടമില്ല. ഇൻസാഫും മൂന്ന് ആരോഗ്യപ്രവർത്തകരും മരിച്ചയാളുടെ അടുത്ത രണ്ട് ബന്ധുക്കളും മാത്രം. കോഴിക്കോട് കോർപറേഷൻ എൻഫോഴ്സ് സ്ക്വാഡ് അംഗങ്ങളാണ് ചക്കുംകടവിലെ പള്ളത്തുവീട്ടിൽ ഇൻസാഫ് സിബിലും ഹെൽത്ത് ഇൻസ്പെക്ടർമാരായ വി കെ പ്രമോദും ബിജു ജയറാമും കെ ഷമീറും.
ചൊവ്വ രാത്രി പത്തരയ്ക്കാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽനിന്ന് നിപാ ബാധിച്ച് മരിച്ച വടകര ആയഞ്ചേരി ഹാരിസിന്റെ മൃതദേഹം ഏറ്റുവാങ്ങി പള്ളിപ്പറമ്പിലേക്ക് യാത്രതിരിച്ചത്. നിപാ പ്രോട്ടോക്കോൾ പ്രകാരം മൂന്നു കവറിൽ പൊതിഞ്ഞ് പത്തടി ആഴത്തിലുള്ള കുഴിയിലാണ് ഖബറടക്കം നടത്തിയത്. ഇത് കഴിഞ്ഞ് സമ്പർക്കവിലക്ക് കേന്ദ്രത്തിലെത്തുമ്പോൾ സമയം പുലർച്ചെ നാലര. മരുന്നുപോലുമില്ലാത്ത രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുമ്പോൾ പേടിയാകില്ലേ എന്ന് ചോദിച്ചാൽ ഇൻസാഫ് ഇങ്ങനെ പറയും. ‘എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ സ്വന്തം വീട്ടിലേക്ക് ഈ ദുരന്തമെത്തുമ്പോൾ ആരുണ്ടാവും കൂടെ’.
കോവിഡ് കാലത്ത് പിപിഇ കിറ്റിൽ പൊതിഞ്ഞ് 1200 മൃതദേഹം സംസ്കരിച്ചിട്ടുണ്ട് ഇൻസാഫും സഹപ്രവർത്തകരും. 42 കോവിഡ് കെയർ സെന്ററിൽ വളന്റിയർ കോ ഓർഡിനേറ്ററുമായിരുന്നു ഡിവൈഎഫ്ഐ ചക്കുംകടവ് മേഖലാ ജോയിന്റ് സെക്രട്ടറി കൂടിയായ ഇൻസാഫ്. സിപിഐ എം മുരിങ്ങത്ത് ബ്രാഞ്ചംഗവുമാണ് ഇന്റീരിയർ ഡിസൈനറായ ഈ ഇരുപത്തിയഞ്ചുകാരൻ. ഓട്ടോഡ്രൈവറായ ഇ ഹാരിസിന്റെയും സമീറയുടെയും മകനാണ് . സഹോദരി: ഫാത്തിമ ഷിഫ.