തിരുവനന്തപുരം
നട്ടാൽ കുരുക്കാത്ത നുണകളാണ് പ്രതിപക്ഷം അവതരിപ്പിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. അവ ജനങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള ദുഷ്ടശ്രമങ്ങളാണ് നടത്തുന്നതെന്നും അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് കടകംപള്ളി പറഞ്ഞു. കേരളത്തിലെ പൊതുആവശ്യങ്ങളിൽ കേന്ദ്രം കാട്ടിയ കൊടിയവഞ്ചനയെയും അവഗണനയെയും കേന്ദ്ര ധനമന്ത്രിയേക്കാൾ കടുത്തഭാഷയിലാണ് യുഡിഎഫ് നേതാക്കൾ ന്യായീകരിക്കുന്നതെന്ന് വി ജോയി പറഞ്ഞു. സംസ്ഥാനത്തിന് അവകാശപ്പെട്ട പണം നിഷേധിച്ചാൽ ചോദിക്കാൻ പാടില്ലെന്ന് യുഡിഎഫ് പറയുന്നത് ജനവഞ്ചനയാണ്.
രാഷ്ട്രീയ ഉദ്ദേശ്യത്തോടെ കേന്ദ്രം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെല്ലാം സംസ്ഥാന സർക്കാരിന്റെ തലയിൽവച്ചുകെട്ടാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് കെ വി സുമേഷ് പറഞ്ഞു. ബിജെപിയുടെ രണ്ടാം ടീമായി യുഡിഎഫ് അധഃപതിച്ചതായി പി എസ് സുപാൽ പറഞ്ഞു. നിയമസഭയിലെ ബിജെപിയുടെ അസാന്നിധ്യം പരിഹരിക്കാനാണ് യുഡിഎഫ് ശ്രമമെന്ന് എം രാജഗോപാലൻ പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന കാര്യത്തിൽപോലും സംസ്ഥാനത്തിനൊപ്പം നിൽക്കാൻ യുഡിഎഫ് എംപിമാർക്ക് കഴിയുന്നില്ലെന്ന് ജോബ് മൈക്കിൾ ചൂണ്ടിക്കാട്ടി. സർക്കാരിനെ കുറ്റം പറയൽ മാത്രമായി പ്രതിപക്ഷ പ്രവർത്തനം മാറിയെന്ന് തോമസ് കെ തോമസ് കുറ്റപ്പെടുത്തി.
എന്നാൽ, സാമ്പത്തിക കാര്യങ്ങളിൽ സത്യസന്ധമായ പരിശോധന നടത്താൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ഡൽഹിയിൽ ബിജെപിക്കെതിരെ കേരളത്തിൽനിന്നുള്ള എംപിമാർ ശക്തമായ പ്രതിരോധം സൃഷ്ടിച്ചതായി രമേശ് ചെന്നിത്തല അവകാശപ്പെട്ടു. വരുമാനം ഉയർത്താൻ നടപടിയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. റോജി എം ജോൺ, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരും സംസാരിച്ചു. ചർച്ചയ്ക്ക് ധനമന്ത്രി മറുപടി പറഞ്ഞശേഷം പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.