തിരുവനന്തപുരം
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാരിനെ കുരിശിലേറ്റാൻ അടിയന്തര പ്രമേയം അവതരിപ്പിച്ച് വെട്ടിലായി യുഡിഎഫ്. കേരളത്തിന്റെ ഭാവിയെ ബാധിക്കുന്ന വിഷയങ്ങളിലടക്കം യുഡിഎഫ് എംപിമാർ സ്വീകരിക്കുന്ന സംസ്ഥാന വിരുദ്ധ നിലപാട് സഭയിൽ തുറന്നുകാട്ടപ്പെട്ടു.
സംസ്ഥാനം അനുഭവിക്കുന്ന സാമ്പത്തിക ശ്വാസംമുട്ടലിന്റെ കാരണങ്ങളാണ് ഭരണകക്ഷി അംഗങ്ങളും ധനമന്ത്രിയും വിവരിച്ചത്. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ വിവരിച്ചു. പ്രതിസന്ധിക്ക് കാരണമായ കേന്ദ്രനയങ്ങൾ തുറന്നുപറയാനും അർഹമായ അവകാശങ്ങൾ വാങ്ങിയെടുക്കുന്നതിന് സംസ്ഥാന സർക്കാരിനൊപ്പം നിൽക്കാനും യുഡിഎഫ് എംപിമാർ തയ്യാറാകുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന യുഡിഎഫ് എംപിമാരുടെ രാഷ്ട്രീയ നിലപാട് ചർച്ചയിൽ പങ്കെടുത്ത ഭരണകക്ഷി അംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും തുറന്നുകാട്ടി. എല്ലാ എംപിമാരും ചേർന്ന് കേന്ദ്ര സർക്കാരിന് നിവേദനം നൽകാൻ മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിൽനിന്ന് യുഡിഎഫ് എംപിമാർ ഒളിച്ചോടിയെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. നിവേദനം നൽകാൻ ഡൽഹിയിൽച്ചെന്ന് എംപിമാരെ ക്ഷണിച്ചില്ലെന്നും, എളമരം കരീം എംപിയാണ് നിവേദക സംഘത്തിന് നേതൃത്വം നൽകിയതെന്നുമുള്ള വാദം വി ഡി സതീശനും രമേശ് ചെന്നിത്തലയുമടക്കം ഉയർത്തിയെങ്കിലും പാളി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിനായി കേന്ദ്ര സർക്കാർ പ്രതിനിധികളെ കാണുന്ന കാര്യങ്ങൾ യുഡിഎഫ് എംപി കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിലാണ് നടത്തിയിരുന്നത്. അന്ന് എൽഡിഎഫ് എംപിമാർ പരിപൂർണ പിന്തുണ നൽകിയതായി മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി.
സംസ്ഥാന വിരുദ്ധ നിലപാട് യുഡിഎഫ് ആദ്യമായല്ല സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ജനപ്രതിനിധികളുടെ യോജിച്ച പ്രത്യക്ഷസമരത്തിന് തീരുമാനിച്ചപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിപക്ഷ ജനപ്രതിനിധികളെല്ലാം പങ്കെടുക്കുമെന്ന് അറിയിച്ചു. എന്നാൽ പ്രതിപക്ഷ നേതാവടക്കം പ്രതിഷേധത്തിൽനിന്ന് വിട്ടുനിന്നതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.