ശ്രീനഗർ/ന്യൂഡൽഹി> ജമ്മുകശ്മീരിലെ അനന്തനാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കരസേന കേണലടക്കം മൂന്ന് ഉന്നതഉദ്യോഗസ്ഥർ വീരമൃത്യുവരിച്ചു. കോക്കർനാഗിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് ബുധൻ രാവിലെ സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായി തെരച്ചിൽ നടത്തുന്നതിനെടയാണ് ഏറ്റുമുട്ടൽ. പത്തൊമ്പതാം രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിനെ നയിച്ച കേണൽ മൻപ്രീത് സിംഗ്, മേജർ ആഷിഷ് ധോഞ്ചക്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.
രജൗരി ജില്ലയിലെ നർലയിൽ ചൊവ്വാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ സുരക്ഷാസേനാംഗം രവികുമാറും ഭീകരവേട്ടയിൽ സൈന്യത്തിന് വഴികാട്ടിയായിരുന്ന പെൺനായ കെന്റും ജീവൻ ത്യജിച്ചിതിന് പിന്നാലെയാണ് അനന്തഗാനിലും ഏറ്റുമുട്ടലുണ്ടായത്. രജൗരിയിൽ രണ്ട് ഭീകരരെ സൈന്യം വകവരുത്തിയിരുന്നു. പരിക്കേറ്റ കേണലടക്കമുള്ളവരെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈകീട്ടോടെ മരണത്തിന് കീഴടങ്ങി. ചൊവ്വ വൈകീട്ടോടെ ലഷ്കർ ഭീകരർക്കായി നിർത്തിവച്ച ഭീകരവേട്ടയാണ് ബുധൻ രാവിലെ പുനരാംഭിച്ചത്. മൂന്നാം ദിവസത്തിലും ഏറ്റുമുട്ടൽ തുടരുകയാണന്ന് ഡിഐജി ഹസീബ് മുഗൾ പറഞ്ഞു. ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിങ്, എഡിജിപി വിജയ് കുമാർ, പതിനഞ്ചാം കോർ കമാൻഡിങ് ഓഫീസർ ലെഫ്. ജനറൽ രാജീവ് ഗായ് തുടങ്ങിയവർക്ക് പുറമേ ഉന്നത സൈനീക ഉദ്യോഗസ്ഥരും പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.