ന്യൂഡൽഹി> ബജ്രംഗ്ദൾ– ഗോരക്ഷ സംഘം നേതാവ് മോനു മനേസർ എന്ന മൊഹിത് യാദവിനെ ഹരിയാന പൊലീസ് അറസ്റ്റുചെയ്തു. സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷജനകമായ പ്രചാരണം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഭരത്പുർ സ്വദേശികളായ ജുനൈദ്(35), നസീർ(27) എന്നിവരെ ചുട്ടുകൊന്ന സംഭവത്തിൽ രാജസ്ഥാൻ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും നൂഹ് വർഗീയ സംഘർഷ കേസിലും മോനു മനേസർ പ്രതിയാണ്.
കേസുകളിൽപെട്ടശേഷം വ്യാജ അക്കൗണ്ടുകൾ വഴിയാണ് മോനു മനേസർ വിദ്വേഷപ്രചാരണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 31ന് നൂഹിൽ സംഘർഷം ഉണ്ടായശേഷം സമൂഹമാധ്യമങ്ങളിൽ പൊലീസ് നടത്തിവന്ന നിരീക്ഷണത്തെതുടർന്നാണ് അറസ്റ്റ് ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. ഇരട്ടക്കൊല കേസിൽ ഇയാളെ വിട്ടുകിട്ടാൻ കോടതിയെ സമീപിക്കുമെന്ന് രാജസ്ഥാൻ പൊലീസ് പറഞ്ഞു.
അതിർത്തിപ്രദേശമായ ഭരത്പുരിൽനിന്ന് ഹരിയാനയിലേയ്ക്ക് വന്ന ജുനൈദിനെയും നസീറിനെയും തട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. വാഹനത്തിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങൾ വഴി പ്രകോപനം സൃഷ്ടിക്കുന്നതിന് പുറമെ ഡൽഹി–-ഹരിയാന–-രാജസ്ഥാൻ ദേശീയപാതയിൽ അഴിഞ്ഞാടുന്ന ഗോരക്ഷ സംഘങ്ങൾക്ക് നേതൃത്വം നൽകുന്നതും മോനു മനേസറാണ്.