ഡെറാഡൂൺ > നേപ്പാൾ സ്വദേശിയായ യുവതിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ആൺസുഹൃത്ത് പിടിയിൽ. ലെഫ്റ്റനന്റ് കേണലായ രാമേന്ദു ഉപാധ്യായ് ആണ് പിടിയിലായത്. നേപ്പാൾ സ്വദേശിനിയായ 30കാരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയതെന്നും യുവതി വിവാഹം കഴിക്കാൻ നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച സിൽവാർഘട്ട് മേഖലയിൽ റോഡരികിൽ നിന്നും യുവതിയുടെ മൃതദേഹം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 24 മണിക്കൂറിനു ശേഷം പ്രതി പിടിയിലായത്. വിവാഹിതനായ രാമേന്ദുവും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും യുവതിയെ ദെഹ്റാദൂണിൽ മറ്റൊരു ഫ്ളാറ്റെടുത്ത് ഇയാൾ താമസിപ്പിച്ചിരുന്നതാണെന്നും പൊലീസ് പറഞ്ഞു. വിവാഹം ചെയ്യണമെന്ന് യുവതി നിർബന്ധിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാജ്പൂർ റോഡിലെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം ഇയാൾ യുവതിയുമൊത്ത് കാറിൽ യാത്ര ചെയ്തു. നഗരത്തിന് പുറത്തേക്കാണ് പോയ പ്രതി ആളൊഴിഞ്ഞസ്ഥലത്ത് എത്തിയതോടെ വാഹനം നിർത്തുകയും നേരത്തെ വാഹനത്തിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് യുവതിയുടെ തലയ്ക്കടിക്കുകയുമായിരുന്നു. യുവതി മരിച്ചെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. പണ്ഡിറ്റ്വാരി പ്രേംനഗറിലെ വീട്ടിൽ നിന്നുമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.