തിരുവനന്തപുരം
ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കേ, ബിജെപിയെ ഭയപ്പെടുത്തി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കേ കെട്ടിവച്ച കാശുപോലും കിട്ടാത്തവിധമുള്ള തോൽവി പാർടിക്ക് കനത്ത ആഘാതമായി. ‘നരേന്ദ്ര മോദിയുടെ ഭരണത്തിന് പുതുപ്പള്ളി ജനം വോട്ടുനൽകും’ എന്നാണ് ബിജെപി അവകാശപ്പെട്ടിരുന്നത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങളും കേരള വിരുദ്ധ സമീപനവും തിരിച്ചറിഞ്ഞാണ് പുതുപ്പള്ളിക്കാർ പ്രതികരിച്ചത്. ജില്ലാ പ്രസിഡന്റിനെത്തന്നെ മത്സരിപ്പിച്ചിട്ടും എല്ലാ സന്നാഹങ്ങളും ഒരിടത്ത് കേന്ദ്രീകരിച്ചിട്ടും ഉണ്ടായിരുന്ന വോട്ടുപോലും നഷ്ടപ്പെട്ടു. പുതുപ്പള്ളിയിലും ബിജെപി വോട്ട് വിറ്റു എന്ന് കണക്കുകളിലും വ്യക്തമാണ്. 2021-ൽ അവർ നേടിയതിനേക്കാൾ 5136 വോട്ട് നഷ്ടപ്പെടുകയും വോട്ട് ശതമാനം 8.87ൽനിന്ന് 5.02ലേക്ക് കൂപ്പുകുത്തുകയും ചെയ്തിട്ടുണ്ട്.
കേരളത്തിൽനിന്ന് ഒരു പാർലമെന്റ് സീറ്റ് നേടാം എന്ന് ബിജെപി പ്രതീക്ഷിക്കുന്നില്ല. എന്നാൽ, തൃശൂരും പാലക്കാടും തിരുവനന്തപുരവും ‘എ ക്ലാസ്’ മണ്ഡലങ്ങൾ ആണെന്നാണ് വാദം. വിലക്കയറ്റം, കേരളത്തോടുള്ള അവഗണന, സാമ്പത്തികമായി ബുദ്ധിമുട്ടിക്കൽ, മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് മണിപ്പുരിലുൾപ്പെടെ നടക്കുന്ന കലാപങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം പുതുപ്പള്ളിയിൽ ചോദ്യമുയർന്നു. വരുന്ന തെരഞ്ഞെടുപ്പുകളിൽ കേരളമാകെ ഈ ചോദ്യങ്ങൾ ചോദിക്കുമെന്നും ബിജെപി ഭയക്കുന്നുണ്ട്.
സംസ്ഥാനത്ത് നേതാക്കളുടെ തമ്മിലടിയും അണികളുടെ കൊഴിഞ്ഞുപോക്കും ബിജെപിയുടെ അടിത്തറ തന്നെ ഇല്ലാതാക്കിയ സാഹചര്യത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഏക ഘടകകക്ഷിയായ ബിഡിജെഎസും ബിജെപി സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുകയാണ്. പാർലമെന്റിൽ ഏഴുസീറ്റ് നൽകിയില്ലെങ്കിൽ എൻഡിഎ ബന്ധം ഉപേക്ഷിക്കണമെന്നാണ് ബിഡിജെഎസ് അണികളുടെ ആവശ്യം.