തിരുവനന്തപുരം
പുതുപ്പള്ളി വിജയത്തിന്റെ അമിതാഹ്ലാദത്തിൽ സോളാർ വിഷയവുമായി നിയമസഭയിലെത്തിയ പ്രതിപക്ഷത്തിന് കിട്ടിയത് ‘സെൽഫ്ഗോൾ’. ഗ്രൂപ്പ് വൈരത്തിന്റെ പേരിൽ കോൺഗ്രസുകാർ കൊണ്ടുവന്ന കേസിന്റെ വസ്തുത വീണ്ടും ചർച്ചയാകാൻ ഇത് ഇടയാക്കി. ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ വിഷയം കൊണ്ടുവന്നതിലുള്ള സംശയവും ബലപ്പെട്ടു. കാലങ്ങളായി തണുത്തുറഞ്ഞുകിടക്കുന്ന വിഷയം വീണ്ടും സജീവ ചർച്ചയാക്കിയതിലുള്ള ചേതോവികാരം എന്തെന്ന് മനസ്സിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിബിഐ റിപ്പോർട്ട് സംബന്ധിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ സോളാർ ഗൂഢാലോചന അന്വേഷിക്കണമെന്നുണ്ടെങ്കിൽ പ്രതിപക്ഷം എഴുതി തന്നാൽ ബുദ്ധിമുട്ടൊന്നുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേസിൽ എൽഡിഎഫിനോ സർക്കാരിനോ ഒരുപങ്കുമില്ലെന്ന് വീണ്ടും തെളിയിക്കുന്നതായി മുഖ്യമന്ത്രിയുടെ വാക്ക്.
രാഷ്ട്രീയ വിയോജിപ്പിന്റെ പേരിൽ വ്യക്തിഹത്യ തങ്ങളുടെ നയമല്ല. എന്നാൽ, കോൺഗ്രസ് അകത്തും പുറത്തും അതാണ് ചെയ്യുന്നതെന്ന് പി ടി ചാക്കോ, കെ കരുണാകരൻ തുടങ്ങിയ ചരിത്രസംഭവങ്ങൾ ചൂണ്ടിക്കാട്ടിയ ഭരണപക്ഷം വ്യക്തമാക്കി. ആരോപണം ഉയരുമ്പോൾ രാഷ്ട്രീയമായി ഉപയോഗിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്.
കേസിന്റെ നാൾ വഴികളും പിന്നാമ്പുറങ്ങളും കോൺഗ്രസ് നേതാക്കളുടെ ഫോൺവിളികളുടെ ഉൾപ്പൊരുളുകളും സഭയിൽ നിറയാൻ തുടങ്ങിയതോടെ അമളി പറ്റിയ അവസ്ഥയിലായി പ്രതിപക്ഷം. കെ ടി ജലീൽ മുതൽ ഗണേഷ്കുമാർ വരെയുള്ളവർ തെളിവുവച്ച് കാര്യങ്ങൾ അവതരിപ്പിച്ചതോടെ അവർ വെട്ടിലായി. വിഷയത്തിൽനിന്ന് വഴുതിമാറിയുള്ള യുഡിഎഫ് അംഗങ്ങളുടെ പ്രസംഗം പ്രതിപക്ഷാംഗങ്ങളുടെ ദയനീയ അവസ്ഥയും പുറത്തുകൊണ്ടുവന്നു.
ശിൽപ്പികൾ കോൺഗ്രസ്
സോളാർ വിവാദവും അതിലൂടെ ഉയർന്നുവന്ന രാഷ്ട്രീയ പകപോക്കലുകളും സൃഷ്ടിച്ചതും വളർത്തിയെടുത്തതും കോൺഗ്രസ് നേതാക്കളാണെന്ന് എൽഡിഎഫ് അംഗങ്ങൾ നിയമസഭയിൽ. ആരെയും ഇല്ലാതാക്കി രാഷ്ട്രീയ നിഷ്കാസനം ചെയ്യുന്ന സ്വഭാവം ഇടതുപക്ഷത്തിന് ഇല്ലെന്നും അടിയന്തരപ്രമേയ ചർച്ചയിൽ വ്യക്തമാക്കി. സോളാർ സൃഷ്ടിച്ചതും സംരക്ഷിച്ചതും വളർത്തിയതും കോൺഗ്രസ് നേതാക്കളാണെന്ന് കെ ടി ജലീൽ പറഞ്ഞു. ഇടതുപക്ഷം ഒരു ആരോപണവും ഉന്നയിച്ചില്ല. വ്യക്തിഹത്യക്ക് ശ്രമിച്ചിട്ടുമില്ല. ആരെയും നിഷ്കാസനം ചെയ്യുന്ന സ്വഭാവവുമില്ല. ഉമ്മൻ ചാണ്ടിയെ പ്രതിസ്ഥാനത്തു നിർത്തി വ്യക്തിഹത്യ നടത്താൻ ഏതെങ്കിലും ഇടതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചിരുന്നോയെന്ന് യുഡിഎഫ് വ്യക്തമാക്കണം. ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് അത്തരം വാർത്തകൾ നൽകിയത്. സിബിഐ റിപ്പോർട്ടിൽ എവിടെയെങ്കിലും ഇടതുപക്ഷ സർക്കാരിന്റെ ഇടപെടലിനെക്കുറിച്ച് പറയുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കണം. ചാണ്ടി ഉമ്മന്റെ ശത്രുക്കൾ നിയമസഭയിൽ അദ്ദേഹത്തോടൊപ്പം ഉള്ളവരാണെന്നും ജലീൽ പറഞ്ഞു.
ചാണ്ടി ഉമ്മൻ ചുമതലയേറ്റ ദിവസംതന്നെ വിഷയം വീണ്ടും സഭയിലേക്ക് വലിച്ചിഴച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് പി ബാലചന്ദ്രൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ഗ്രൂപ്പുപോരാട്ടത്തിലെ ഇരയാക്കുകയായിരുന്നു. സോളാർ റിപ്പോർട്ടിൽ ഗൗരവകരമായ ആരോപണങ്ങളുണ്ടെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് അന്ന് കെപിസിസി വൈസ് പ്രസിഡന്റായിരുന്ന വി ഡി സതീശനാണെന്ന് പി പി ചിത്തരഞ്ജൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയോട് വലിയ ക്രൂരതയാണ് യുഡിഎഫ് കാട്ടിയത്. അന്വേഷിക്കാൻ ഉത്തരവിടുകയും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളെ അറസ്റ്റുചെയ്യാൻ നിർദേശിക്കുകയും ചെയ്ത തിരുവഞ്ചുർ രാധാകൃഷ്ണൻ ഇപ്പോൾ പുണ്യാളൻ ചമയുകയാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി എന്തിന് മാപ്പുപറയണമെന്ന് പ്രതിപക്ഷം പരസ്യമായി പറയണം. അൽപ്പം ആത്മാർഥതയുണ്ടെങ്കിൽ മാപ്പുപറയേണ്ടത് യുഡിഎഫാണെന്ന് എം നൗഷാദ് പറഞ്ഞു. വീണ്ടും സോളാർ കുത്തിപ്പൊക്കുന്നതിലൂടെ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തോട് കാട്ടുന്നത് ഏറ്റവും വലിയ ക്രൂരതയാണെന്ന് തോമസ് കെ തോമസ് ചൂണ്ടിക്കാട്ടി.
ഒടുവിൽ ഒളിച്ചോട്ടം
ബജറ്റിലേക്കുള്ള നാൽപ്പത്തിനാലു കോടി രൂപയുടെ ഉപധനാഭ്യർഥനകൾ നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. ചർച്ചയ്ക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി പറഞ്ഞു. അടിയന്തര പ്രമേയത്തിൽ പൊള്ളിയ പ്രതിപക്ഷം ഉപധനാഭ്യർഥന ചർച്ചകൾക്കുള്ള മറുപടിക്കുമുന്നേ പരിഹാസ്യരായി സഭ വിട്ടു. പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൃത്യമായ മറുപടി നൽകിയിരുന്നു. എന്നാൽ, അന്വേഷണം പ്രഖ്യാപിച്ചില്ലെന്ന് ആരോപിച്ചാണ് ഉപധനാഭ്യർഥന ചർച്ച പൂർത്തിയായശേഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്. ഉപധനാഭ്യർഥനയ്ക്ക് തങ്ങളുടെ അംഗങ്ങൾ ഉന്നയിച്ച കാര്യങ്ങളുടെ മറുപടി കേൾക്കാൻ പ്രതിപക്ഷം കൂട്ടാക്കിയില്ല.
കത്തിന് ഏഷ്യാനെറ്റ് ന്യൂസ്
50 ലക്ഷം നൽകിയെന്ന്
സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിയുടെ പേരുവന്ന കത്ത് കൈവശപ്പെടുത്തുന്നതിന് ഏഷ്യാനെറ്റ് ന്യൂസ് 50 ലക്ഷം രൂപ നൽകിയെന്ന് ആക്ഷേപം. സിബിഐ റിപ്പോർട്ടിൽ ഇക്കാര്യമുണ്ടെന്ന രീതിയിൽ റിപ്പോർട്ടർ ചാനൽ വാർത്ത നൽകി. ‘‘വിവാദ ദല്ലാൾ നന്ദകുമാറിനാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പണം നൽകിയത്. നന്ദകുമാറാണ് കത്ത് കൈവശപ്പെടുത്തി ചാനലിന് കൈമാറിയത്. അന്ന് തെരഞ്ഞെടുപ്പിന്റെ സമയത്താണ് ഈ കത്ത് പുറത്തുവന്നത്. അതുകൊണ്ടുതന്നെ ഇതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഈ കത്ത് ചാനലിലൂടെ പുറത്തുവിട്ട മാധ്യമപ്രവർത്തകനും ഇതിൽ പങ്കുണ്ട്’’ വാർത്തയിൽ പറയുന്നു. പരാതിക്കാരിയുടെ ഡ്രൈവറുടെ മൊഴിയായി ഇത് രേഖപ്പെടുത്തിയെന്നാണ് പറയുന്നത്. സിബിഐ റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചതായും ചാനൽ അവകാശപ്പെട്ടു. അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുത്ത എൽഡിഎഫ് അംഗങ്ങൾ വാർത്ത ചൂണ്ടിക്കാട്ടിയെങ്കിലും പ്രതിപക്ഷാംഗങ്ങൾ ആരും ഇക്കാര്യം പരാമർശിച്ചില്ല.
ഞെട്ടലോടെ ചാണ്ടി ഉമ്മൻ
നിയമസഭയിൽ കാലുകുത്തിയ ദിവസംതന്നെ പിതാവ് ഉമ്മൻ ചാണ്ടിയെ നിരന്തരമായി പരാമർശിക്കുംവിധം സോളാർ വിഷയത്തിൽ ചർച്ച നടന്നതിൽ സ്തബ്ധനായി ചാണ്ടി ഉമ്മൻ. തിങ്കളാഴ്ച തന്നെ സോളാർ വിഷയം നിയമസഭയിൽ അടിയന്തരപ്രമേയമായി കൊണ്ടുവരണമെന്ന വാശി ചില കോൺഗ്രസ് അംഗങ്ങൾക്ക് വന്നതെങ്ങനെയെന്നും ചർച്ചയുണ്ടായി. പ്രതിപക്ഷ –- ഭരണപക്ഷ അംഗങ്ങൾ പഴയ നാൾവഴികളെല്ലാം എടുത്തിട്ട് വിശദീകരിക്കാൻ തുടങ്ങിയതോടെ നാടുംനാട്ടുകാരും മറന്നുപോയ പല ആരോപണങ്ങളും ആക്ഷേപങ്ങളും വീണ്ടും സജീവമാകുകയായിരുന്നു.
ഗൂഢാലോചനയിൽ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ ഗൗരവത്തോടെ എടുത്ത സ്ഥിതിക്ക് ഇനിയങ്ങോട്ടും ഈ വിഷയം ചൂടുപിടിക്കാനാണ് സാധ്യത. കോൺഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ ഭാഗമായി കെപിസിസി അംഗമായിരുന്നയാൾ തന്നെ പരാതി കൊടുത്തതോടെ തുടങ്ങിയ കേസാണ് സോളാർ. അക്കാര്യങ്ങളെല്ലാം തെളിവുകൾ സഹിതം സഭയിൽ മുഴങ്ങിയപ്പോൾ നിസ്സഹായനായ അവസ്ഥയിൽ ഇരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. പിൻനിരയിൽ ഉമ തോമസിന് അരികിലാണ് സീറ്റ്. ഓരോ അംഗവും സംസാരിക്കുന്ന വേളയിൽ ഉമ തോമസിനോട് ചാണ്ടി ഉമ്മൻ സംശയങ്ങൾ ചോദിക്കുന്നതും കണ്ടു.
ചർച്ച മുറുകവെ ഇടയ്ക്ക് സഭയിൽനിന്ന് ഇറങ്ങി പുറത്തുപോയി. സത്യപ്രതിജ്ഞാദിനം ആയിരുന്നതിനാൽ അമ്മ മറിയാമ്മ ഉമ്മൻ, സഹോദരങ്ങളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരും സഭാ ഗാലറിയിൽ എത്തിയിരുന്നു.