ന്യൂഡൽഹി
ജോയിന്റ് സെക്രട്ടറി മുതലുള്ള കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ സിബിഐ അഴിമതിക്കേസുകളുടെ അന്വേഷണത്തിനും അറസ്റ്റിനും സർക്കാരിന്റെ മുൻകൂർ അനുമതിയാവശ്യമില്ലന്ന വിധിക്ക് മുൻകാല പ്രാബല്യമുണ്ടെന്ന് സുപ്രീംകോടതി. ഉദ്യോഗസ്ഥർക്കെതിരായ അറസ്റ്റ് അടക്കമുള്ള നടപടിക്ക് അനുമതി നിർബന്ധമാക്കിയ ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ സെക്ഷൻ 6എ ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തി 2014ൽ റദ്ദാക്കിയിരുന്നു. ഇതിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, അഭയ് എസ് ഓക്, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് വ്യക്തത വരുത്തിയത്.
2003ൽ നിലവിൽ വന്ന സെക്ഷൻ 6എ വകുപ്പ് റദ്ദാക്കിയ വിധിയിൽ അന്ന് നിലവിലുണ്ടായിരുന്ന കേസുകളുടെ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്നതിൽ വ്യക്തതക്കുറവുണ്ടായിരുന്നു. വകുപ്പ് ഉൾപ്പെടുത്തിയ അന്നുമുതൽ തന്നെ അസാധുവാണെന്നും വിധിക്ക് മുൻകൂർപ്രാബല്യമുണ്ടെന്നും കോടതി വ്യക്തമാക്കിയതോടെ വിധിവരുന്നതിന് മുമ്പുള്ള കേസുകളിലും അന്വേഷണം തുടരാനും ഭാവി കേസുകളിൽ ഉന്നത ഉദ്യോഗസ്ഥരെ മുൻകൂർ കേന്ദ്രാനുമതി കൂടാതെ അറസ്റ്റ് ചെയ്യാനും സിബിഐക്ക് കഴിയും.