ന്യൂഡൽഹി
മണിപ്പുരിൽ കുക്കി–-മെയ്ത്തീ സംഘർഷത്തിന്റെ മറവിൽ മെയ്ത്തീ തീവ്രവാദ സംഘടനകൾ വീണ്ടും സജീവമാകുന്നതായി സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട്. കഴിഞ്ഞ ദിവസം തെങ്നൗപൽ ജില്ലയിലെ പല്ലേലിൽ മെയ്ത്തീ പ്രക്ഷോഭകരും സുരക്ഷാസേനയുമായുണ്ടായ സംഘർഷത്തിൽ ലെഫ്.കേണലിന് വെടിയേറ്റതിന് പിന്നിൽ തീവ്രവാദികളാകാമെന്നാണ് അനുമാനം.
യുണെറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്), പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ), പീപ്പിൾസ് ലിബറേഷൻ പാർടി ഓഫ് കാങ്ളിപാക് (പ്രീപാക്), കാങ്ളി യവോൽ കൻബ ലുപ് (കെവൈകെഎൽ) എന്നീ തീവ്രവാദ സംഘടനകൾ മുമ്പ് സജീവമായിരുന്നു. കേന്ദ്രസേനകളുടെയും മറ്റും ഇടപെടലിനെ തുടർന്ന് അവ ദുർബലപ്പെട്ടു. കലാപം തടയുന്നതിൽ കേന്ദ്ര–- സംസ്ഥാന ബിജെപി സർക്കാരുകൾ തുടരുന്ന പിടിപ്പുകേട് മുതലെടുത്ത് അവർ വീണ്ടും സജീവമാവുകയാണ്. ഇപ്പോഴത്തെ കലാപത്തിന് പിന്നിലുള്ള മെയ്ത്തീ സംഘടനകളിലെല്ലാം തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തൽ.
പല്ലേലിലെ ആക്രമണം ബോധപൂർവമായിരുന്നു. ലെഫ്. കേണൽ രാമൻ ത്യാഗിക്ക് കൈയിലാണ് വെടിയേറ്റത്. ഓഫീസർക്ക് പരിക്കേറ്റതോടെ പ്രക്ഷോഭകർക്കുനേരെ സൈന്യം കടുത്ത നടപടികളെടുത്തു. രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പൊലീസ്–- സേനാ ക്യാമ്പുകളിൽനിന്നായി അയ്യായിരത്തിനടുത്ത് ആയുധങ്ങളും ആറര ലക്ഷത്തോളം തിരകളും പല ഘട്ടങ്ങളിലായി കലാപകാരികൾ തട്ടിയെടുത്തിരുന്നു. ഇതിൽ 95 ശതമാനവും മെയ്ത്തീ സംഘടനകളുടെ പക്കലെന്നാണ് റിപ്പോർട്ട്. തട്ടിയെടുത്ത ആയുധങ്ങളിൽ മൂവായിരത്തോളം മാരകായുധങ്ങളാണ്.