തിരുവനന്തപുരം
നേതൃത്വം തന്നെ കാര്യമായി പരിഗണിക്കുമെന്ന പ്രതീക്ഷയുള്ള രമേശ് ചെന്നിത്തല ഉള്ളിലെ രോഷം പറയാതെ പ്രകടിപ്പിച്ചപ്പോൾ ഒരു മയവുമില്ലാതെ തുറന്നടിച്ച് കെ മുരളീധരൻ. അച്ചടക്കമുള്ള കോൺഗ്രസുകാരനാണെന്ന് ആവർത്തിച്ചുകൊണ്ടുതന്നെ എല്ലാത്തിനുമുള്ള മറുപടിയും ചെന്നിത്തല പറഞ്ഞു. പുതുപ്പള്ളിയിൽ വല്ലപ്പോഴുമല്ല മുഴുവൻ സമയവുമുണ്ടായിരുന്ന ആളാണ് താനെന്നായിരുന്നു കെ സുധാകരനുള്ള മറുപടി. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് നീക്കിയപ്പോഴും പ്രവർത്തക സമിതിയിൽനിന്ന് തഴഞ്ഞപ്പോഴും കടുത്തവേദനയും രോഷവുമുണ്ടായെങ്കിലും പരസ്യമായി അത് പ്രകടിപ്പിക്കാത്തത് തന്റെ മാന്യതകൊണ്ടാണെന്ന് കെ സി വേണുഗോപാലിനെയും ഓർമിപ്പിച്ചു. 16ന് നടക്കുന്ന പ്രവർത്തക സമിതിയിൽ പങ്കെടുക്കും.
എഴുതി തയ്യാറാക്കിയ പ്രസ്താവനയുമായി കരുതലോടെയാണ് ചെന്നിത്തല വാർത്താസമ്മേളനം നടത്തിയത്. കഴിഞ്ഞ രണ്ടുവർഷമായി പദവികളൊന്നുമില്ലെന്ന് ആവർത്തിച്ച് പറഞ്ഞത് നേതൃത്വത്തെ ഓർമിപ്പിക്കാൻവേണ്ടിക്കൂടിയാണ്. പ്രവർത്തക സമിതി പ്രഖ്യാപിച്ചപ്പോൾ ചില പൊരുത്തക്കേടുകൾ തോന്നിയെന്ന് പറഞ്ഞ അദ്ദേഹം 19 വർഷം മുമ്പ് കിട്ടിയ അതേപദവി വീണ്ടും നൽകിയതിനുള്ള നന്ദി പ്രകടിപ്പിച്ചത് കൗതുകമായി. പറയാനുള്ള കാര്യം ഹൈക്കമാൻഡിനെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അവഗണിക്കുന്നവരുടെ കൂട്ടത്തിൽപ്പോലും തന്നെ പരിഗണിക്കാത്തതിലുള്ള കടുത്ത നീരസമാണ് കെ മുരളീധരനിൽ നിന്നുണ്ടായത്. ‘പരാതി പറഞ്ഞ് പറഞ്ഞ് സ്ഥിരം പരാതിക്കാരനാകാൻ ഇല്ല’ എന്നറിയിച്ച് നേതൃത്വത്തിലെ ചിലരോടുള്ള രോഷവും പ്രകടിപ്പിച്ചു. വിഴുപ്പലക്കുന്നത് മാലിന്യം കളയാനാണെന്നും അതുകൊണ്ട് വിഴുപ്പലക്കൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ചേരുന്ന കെപിസിസി ഭാരവാഹിയോഗത്തിൽ നേതാക്കളുടെ രോഷവും പരാതികളും പ്രകടിപ്പിച്ചേക്കും. 13ന് യുഡിഎഫും ചേരുന്നുണ്ട്.