തിരുവനന്തപുരം
ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറിൽ ഏർപ്പെട്ട് നികുതി അടച്ച് റിട്ടേണിൽ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നതിനെ മാസപ്പടി എന്നുപറയുന്നത് പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചട്ടം 285 പ്രകാരം മാത്യു കുഴൽനാടൻ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
സേവനം ലഭ്യമാക്കിയില്ലെന്ന് സിഎംആർഎൽ കമ്പനിക്ക് പരാതിയില്ല. പരിശോധനയുടെ ഭാഗമായി ഇതിനെപ്പറ്റി അറിയില്ലെന്നു പറഞ്ഞ പ്രസ്താവന പിന്നീട് തിരുത്തി. സേവനം ലഭ്യമാക്കിയ കമ്പനിയുടെ ഭാഗം കേൾക്കാതെയും പിൻവലിക്കപ്പെട്ട സത്യപ്രസ്താവനയുടെ പകർപ്പ് നൽകാതെയും ആരോപണം ഉന്നയിക്കുന്നത് വേട്ടയാടലിന്റെ മറ്റൊരു രൂപമാണ്. രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ പൊതുരംഗത്തില്ലാത്ത സംരംഭകയുടെ പേര് വലിച്ചിഴച്ച് തുടരെ നടത്തുന്ന അപവാദ പ്രചാരണങ്ങളുടെ ആവർത്തനം കൂടിയാണ് സഭയിൽ ഉന്നയിച്ച ആരോപണം.
ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതാണ്. പ്രഥമദൃഷ്ട്യാ അടിസ്ഥാനമില്ലെന്ന നിരീക്ഷണത്തോടെയാണ് കേസ് തള്ളിയതെന്നതും പ്രസക്തം. അർധ ജുഡീഷ്യൽ സ്വഭാവമുള്ള ഉത്തരവ് പാസാക്കിയത് മൂന്ന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരാണ്. ആരോപണം ഉന്നയിച്ച അംഗത്തിന്റെ പാർടിയിലെ അഖിലേന്ത്യാ നേതൃനിരയിൽപ്പെട്ട രണ്ടു വ്യക്തികൾക്കെതിരെ ആദായനികുതി വകുപ്പും അപ്പലേറ്റ് ട്രിബ്യൂണലും ഉത്തരവുകൾ പാസാക്കിയിട്ടുണ്ട്. അവരുടെ ഭാഗം കേട്ടശേഷമാണ് അത് പാസാക്കിയത്. ഇവിടെ മറുഭാഗം കേൾക്കാതെ നടത്തിയ നിരീക്ഷണങ്ങൾക്ക് കൽപ്പിക്കുന്ന ദിവ്യത്വം അവിടെക്കൂടി കൽപ്പിക്കാൻ നിങ്ങളുടെ രാഷ്ട്രീയം അനുവദിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
സിഎംആർഎൽ ആദായനികുതി വകുപ്പുമായി നിയമയുദ്ധത്തിനില്ലെന്നും തങ്ങളുടെ ആദായനികുതി സെറ്റിൽ ചെയ്യാൻ തയ്യാറാണെന്നും അപേക്ഷ നൽകിയപ്പോൾ ആദായനികുതി വകുപ്പിന്റെ അഭിപ്രായം തേടിയശേഷം പാസാക്കിയ ഉത്തരവാണ് വിവാദവിഷയമാക്കുന്നത്. ഈ സെറ്റിൽമെന്റിൽ എക്സാലോജിക് കമ്പനിയോ അതിന്റെ ഡയറക്ടറോ കക്ഷിയല്ല. അവരുടെ ഒരു വിഷയവും സെറ്റിൽമെന്റിന് വിധേയമായിട്ടുമില്ല. ഒരു സംരംഭക, അവർ രാഷ്ട്രീയനേതാവിന്റെ ബന്ധുത്വമുണ്ടെന്ന ഒറ്റ കാരണത്താൽ കരാറിൽ ഏർപ്പെടുകയോ ബിസിനസ് നടത്തുകയോ പാടില്ലെന്ന് പറയാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.