ന്യൂഡൽഹി
ജി20 ഉച്ചകോടിയുടെ വേദിയായ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെള്ളക്കെട്ട്. കനത്ത മഴയെത്തുടർന്നാണ് 2700 കോടി രൂപ ചെലവിൽ നിർമിച്ച ഭാരത് മണ്ഡപത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിലായി. വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിമർശവുമായി കോൺഗ്രസും ആം ആദ്മി പാർടിയും രംഗത്തെത്തി.
അമ്പതിലേറെ പരിശോധനകൾ നടത്തി നിർമിച്ചശേഷവും ഭാരത് മണ്ഡപത്തിനു മുമ്പിലുള്ള പ്രധാന ഭാഗം വെള്ളത്തിൽ മുങ്ങിയെങ്കിൽ ശക്തമായ നടപടി വേണമെന്ന് എഎപി നേതാവും ഡൽഹി നഗരവികസന മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. ബിജെപിയുടെ വികസന വാദങ്ങൾ പൊള്ളയാണെന്ന് വ്യക്തമാക്കുന്ന സംഭവമാണിതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഭാരത് മണ്ഡപത്തിലല്ല ഹാൾ അഞ്ചിന്റെ പാതയ്ക്ക് മുന്നിലാണ് അൽപ്പം വെള്ളം കെട്ടിനിന്നതെന്നും അത് ഉടൻതന്നെ നീക്കം ചെയ്തെന്നും സമുച്ചയത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ (ഐടിപിഒ) ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രദീപ് സിങ് ഖരോല പറഞ്ഞു.