തിരുവനന്തപുരം
കലാവിഷ്കാരങ്ങളാണ് തന്റെ രാഷ്ട്രീയമെന്നും ഹിന്ദു പുരാണങ്ങൾ മാത്രമല്ല സാമൂഹ്യ, രാഷ്ട്രീയ പ്രശ്നങ്ങളും നൃത്താവിഷ്കാരങ്ങളിൽ ഉൾപ്പെടുത്തുന്ന ആളാണ് താനെന്നും കേരള കലാമണ്ഡലം ചാൻസലറും പ്രശസ്ത നർത്തകിയുമായ മല്ലിക സാരാഭായ്. ഇന്ത്യൻ അസോസിയേഷൻ ഫോർ വിമെൻസ് സ്റ്റഡീസിന്റെ 17–-ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. മണിപ്പുരിൽ സ്ത്രീകൾ നേരിട്ട പ്രശ്നങ്ങളെ അടുത്തിടെ ആവിഷ്കരിച്ചതായും അവർ വ്യക്തമാക്കി.
മകനെയും മകളെയും തുല്യരായി കാണാത്തവരും ഇതരമതസ്ഥരോട് അസഹിഷ്ണുത കാണിക്കുന്നവരും സ്ത്രീപക്ഷ പഠനം നടത്തിയാൽ മാറ്റങ്ങൾ ഉണ്ടാകില്ല. പ്രസിദ്ധീകരണങ്ങളിൽ ലേഖനം എഴുതിയല്ല, അനീതിക്കെതിരെ ഉച്ചത്തിൽ ശബ്ദിച്ചുവേണം പ്രതികരിക്കാനെന്നും അവർ പറഞ്ഞു.
സർവകലാശാല ചാൻസലർമാരായി വിഷയത്തിൽ പ്രാഗൽഭ്യമുള്ളവരെ നിയമിക്കണമെന്ന കേരള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് കലാമണ്ഡലത്തിന്റെ ചുമതലയേറ്റെടുത്തത്. സർവകലാശാലകളിൽ ആർഎസ്എസ് അജൻഡ കുത്തിവയ്ക്കാനുള്ള ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ ശ്രമത്തിനു പിന്നാലെയായിരുന്നു സർക്കാരിന്റെ ഈ ചരിത്ര തീരുമാനം. അതിൽ കേരളസർക്കാരിനോട് ഏറെ നന്ദിയുണ്ട്.
കഴിഞ്ഞ കാലങ്ങളിൽ ഏറ്റവും അധികം ഹാസ്യകഥകളിൽ കഥാപാത്രമായ മിത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അവർ കൂട്ടിച്ചേർത്തു. നീണ്ട കാലത്തെ ഗുജറാത്ത് ജീവിതത്തിനുശേഷം കഴിഞ്ഞ ജനുവരിയിൽ കേരളത്തിലെത്തിയപ്പോൾ “ശ്വസിക്കാൻ ഓക്സിജൻ കിട്ടിയ’ സന്തോഷമായിരുന്നു തനിക്ക്. ജനാധിപത്യ അവകാശങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞത് കേരളത്തിലെത്തിയ ശേഷമാണ്. തെറ്റുകൾക്കെതിരെ ശബ്ദമുയർത്തുമ്പോൾ അത് കേൾക്കാനും കൈയടിക്കാനും കേൾവിക്കാരുള്ളത് കേരളത്തിൽ മാത്രമാണെന്നും മല്ലിക സാരാഭായ് പറഞ്ഞു.