കണ്ണൂർ
വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ആശുപത്രി ഫർണിച്ചർ നിർമാണത്തിലേക്ക് റബ്കോ. ഗുണനിലവാരമുള്ള സ്റ്റീൽ കട്ടിലുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. റബ്വുഡ് ഫർണിച്ചർ നിർമാണരംഗത്ത് പേരെടുത്ത റബ്കോയിൽനിന്നുള്ള പുതിയ ഉൽപ്പന്നങ്ങൾ ഉടൻ പുറത്തിറങ്ങും.
ഇരുഭാഗവും ഉയർത്താൻ കഴിയുന്ന, സൈഡ് റെയിലോടുകൂടിയ ആശുപത്രിക്കട്ടിലുകളാണ് നിർമിക്കുന്നത്. രോഗിയുടെ കൂട്ടിരിപ്പുകാർക്കുള്ള കട്ടിലുകളും നിർമിക്കുന്നുണ്ട്. എസ്എസ് 304 ഗ്രേഡിലുള്ള പൈപ്പുകളും ഷീറ്റുകളുമാണ് നിർമാണത്തിനുപയോഗിക്കുന്നത്. തുരുമ്പ് പിടിക്കാത്തതും രാസവസ്തുക്കൾ വീണാൽ കേടുവരാത്തതുമാണിവ. നിലവിൽ ഭൂരിഭാഗം ആശുപത്രികളും ഉപയോഗിക്കുന്നത് എം സ്റ്റീൽ ഉപയോഗിച്ചുള്ള കട്ടിലുകളാണ്. ഇവ കൂടുതൽ കാലം നിലനിൽക്കാത്തവയാണ്. ഇതിന് പരിഹാരമായാണ് എസ്എസ് 304 ഗ്രേഡ് ഉപയോഗിച്ചുള്ള കട്ടിലുകൾ വന്നത്.
റബ്കോയിലെ നിലവിലുള്ള തൊഴിലാളികൾക്ക് പരിശീലനം നൽകിയാണ് പുതിയ സംരംഭം തുടങ്ങിയത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ടെക്നിക്കൽ വിങ്ങിലെ തൊഴിലാളികളെയാണ് പുതിയ യൂണിറ്റിൽ ഉപയോഗപ്പെടുത്തിയത്. ഓർഡർ കൂടുന്ന മുറയ്ക്ക് കൂടുതൽ തൊഴിലാളികൾക്ക് പരിശീലനം നൽകും.
വിപണിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി പുതിയ മേഖലകളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് കുടുതൽ സംരംഭങ്ങളെന്ന് റബ്കോ ചെയർമാൻ കാരായി രാജൻ പറഞ്ഞു. വൈവിധ്യവൽക്കരണത്തിലൂടെ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ച് റബ്കോയെ കേരളത്തിന്റെ ബ്രാൻഡായി മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.