തിരുവനന്തപുരം
സൗര പര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ 1 കൂടുതൽ ദൂരത്തേക്ക്. ഭൂമിയെ ഭ്രമണം ചെയ്യുന്ന പേടകത്തിന്റെ മൂന്നാം പഥം ഉയർത്തലും വിജയകരം. കുറഞ്ഞ ദൂരം 296 കിലോമീറ്ററും കൂടിയ ദൂരം 71,767 കിലോമീറ്ററുമായുള്ള ദീർഘവൃത്ത പഥത്തിലേക്കാണ് പഥം ഉയർത്തിയത്.
ഞായർ പുലർച്ചെ 2.30ന് ബംഗളൂരുവിലെ ഇസ്ട്രാക്ക് നൽകിയ കമാൻഡ് സ്വീകരിച്ചായിരുന്ന പഥം ഉയർത്തൽ പ്രക്രിയ. അടുത്ത പഥം ഉയർത്തൽ 15ന് നടക്കും. 18ന് പേടകം ഭൂഭ്രമണപഥം വിട്ട് ലക്ഷ്യത്തിലേക്ക് കുതിക്കും. ജനുവരി ആദ്യവാരം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് -1 ൽ എത്തും. ഐഎസ്ആർഒയുടെ ആദ്യ സൗര പര്യവേക്ഷണ ഉപഗ്രഹമാണ് ആദിത്യ എൽ1.