കാട്ടാക്കട > പൂവച്ചലിൽ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടാൻ അന്വേഷണം ശക്തമാക്കി. പൊലീസ് നാല് സംഘമായി തിരിഞ്ഞാണ് അന്വേഷണം ഊർജിതമാക്കിയത്. ഒളിവിലുള്ള പൂവച്ചൽ ഭൂമികയിൽ പ്രിയരഞ്ജനെ (51) ഉടൻ പിടികൂടുമെന്നും ഇയാൾ സംസ്ഥാനം വിടാൻ സാധ്യതയില്ലെന്നും കാട്ടാക്കട ഡിവൈഎസ്പി വി ഷിബു പറഞ്ഞു.
ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അരുൺകുമാറിന്റെ മകൻ ആദിശേഖറിനെ (14) കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ‘ക്ഷേത്ര മതിലിൽ മൂത്രം ഒഴിക്കുന്നത് ശരിയാണോ’ എന്ന ആദിയുടെ ചോദ്യമാണ് വൈരാഗ്യത്തിന് കാരണം. കഴിഞ്ഞ 30ന് വൈകിട്ട് അഞ്ചോടെയാണ് പ്രിയരഞ്ജൻ കാറിലെത്തിയത്.
ആദിശേഖർ ക്ഷേത്ര ഗ്രൗണ്ടിൽനിന്ന് കളി കഴിഞ്ഞ് സൈക്കിളിൽ മടങ്ങുമ്പോൾ പ്രയരഞ്ജൻ കാറിടിച്ചുവീഴ്ത്തി ദേഹത്ത് കാർ കയറ്റിയിറക്കി അതിവേഗം പാഞ്ഞ് പോകുകയായിരുന്നു.പ്രിയരഞ്ജൻ സ്ഥിരം മദ്യപാനിയാണെന്നും സംഭവം നടക്കുന്ന സമയത്തും മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു. ആദിശേഖറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ സംശയം ഉന്നയിച്ചതോടെയാണ് അപകട മരണമായി ആദ്യം രജിസ്റ്റർ ചെയ്ത കേസിന്റെ ചുരുളഴിഞ്ഞത്. കാട്ടാക്കട ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ആദിശേഖർ.