തിരുവനന്തപുരം > സനാതന ധർമ്മം എന്ന പേരിൽ അറിയപ്പെടുന്ന യാഥാസ്ഥിതിക ജീർണ്ണതക്കെതിരെ ശബ്ദമുയർത്തിയ ഉദയനിധി സ്റ്റാലിന്റെ നേരെ, കൊലവിളി ഉയർത്തിയതിനെതിരെ ജനാധിപത്യവാദികളുടെ പ്രതിഷേധം ഉയർന്നു വരണമെന്ന് പുരോഗമന കലാസാഹിത്യ സംഘം പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ രാജ്യത്തെമ്പാടും നടക്കുന്ന ഹീനവും ക്രൂരവുമായ ആക്രമങ്ങളുടെ തുടർച്ചയാണിത്. ജനാധിപത്യത്തിന്റെ ശവപ്പറമ്പായി രാജ്യം മാറുകയാണ്. മനുഷ്യ വംശത്തിന്റെ ചരിത്രത്തിലെ സത്യങ്ങളെ പേടിക്കുന്നവരാണ് ഹിംസയുടെ ഈ അപകടകരമായ സന്ദേശം ഉയർത്തുന്നത്.
സനാതന ധർമ്മം മനുഷ്യ തുല്യതക്കെതിരാണ്. അത് സവർണ്ണ മേൽക്കോയ്മയുടെ കാലത്തിന്റെ അടയാളമാണ്. ജാതിവ്യവസ്ഥയുടെ കൊടുംക്രൂരതകളും നൃശംസതകളും അത് മുന്നോട്ടു വെക്കുന്നു. ആധുനിക മനുഷ്യനെ പ്രാകൃതത്വത്തിലേക്ക് നയിക്കുകയത്രെ സനാതനധർമ്മ വ്യവസ്ഥ ചെയ്യുന്നത്. സംഘപരിവാർ സനാതന ധർമ്മ വ്യവസ്ഥ പുലരുന്ന കാലത്തിലേക്ക് രാജ്യത്തെ നയിക്കാനുള്ള ഗൂഡ പദ്ധതികളുമായി മുന്നോട്ടു നീങ്ങുകയാണ്. ഉദയനിധിക്കെതിരെ സന്യാസിയുടെ കൊലവിളി സംഘപരിവാർ അജണ്ടയുടെ ഭാഗം തന്നെയാണ്.
ജനാധിപത്യത്തിനും മതനിരപേക്ഷതക്കും മനുഷ്യതുല്യതക്കും വേണ്ടിയുള്ള സമരങ്ങൾ വിരാമമില്ലാതെ തുടരേണ്ട കാലമാണിതെന്ന് സകല മനുഷ്യ സ്നേഹികളെയും പുരോഗമന കലാസാഹിത്യ സംഘം ഓർമ്മപ്പെടുത്തുന്നു. ഉദയനിധി സ്റ്റാലിൻ മുന്നോട്ടുവെച്ച ആധുനിക ജനാധിപത്യ നിലപാടിനോടൊപ്പം ചേർന്നു നിൽക്കണമെന്ന് സാംസ്കാരിക പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു. പ്രസിഡന്റ് ഷാജി എൻ കരുണും സെക്രട്ടറി അശോകൻ ചരുവിലും പ്രസ്താവനയിൽ പറഞ്ഞു.