അങ്കമാലി > എഐ ക്യാമറകൾ സ്ഥാപിച്ചതോടെ ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർക്കായി സംഘടിപ്പിച്ച സുരക്ഷയാനം നേതൃത്വ പരിശീലന ക്യാമ്പിന്റെയും പീസ് (പ്രോജക്ട് ഓൺ ആക്സിഡന്റ് ഫ്രീ ക്യാമ്പസ് എൻവിയോൺമെന്റ്)പദ്ധതിയുടെയും ഐഡിടിആർ എക്സ്റ്റൻഷൻ സെന്ററിന്റെയും ഉദ്ഘാടനം കറുകുറ്റി എസ്സിഎംഎസ് കോളേജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
എഐ ക്യാമറകൾ സ്ഥാപിക്കുന്നതിന് മുമ്പ് സംസ്ഥാനത്ത് നാലര ലക്ഷം ഗതാഗത നിയമലംഘനങ്ങൾ പ്രതിമാസം റിപ്പോർട്ട് ചെയ്തിരുന്നു. ജൂണിൽ ക്യാമറകൾ സ്ഥാപിച്ചശേഷം അത് രണ്ടരലക്ഷമായി കുറഞ്ഞു. റോഡ് അപകടങ്ങളുടെ എണ്ണവും കുറഞ്ഞു. വിഐപികൾ മുതൽ സാധാരണക്കാർ വരെയുള്ളവരുടെ നിയമലംഘനങ്ങൾ എഐ ക്യാമറ റിപ്പോർട്ട് ചെയ്യുന്നു. ഇരുചക്ര വാഹനങ്ങളിൽ വേഗനിയന്ത്രണം ഏർപ്പെടുത്തിയതിലൂടെയും അപകടങ്ങൾ കുറയ്ക്കാനായി. റോഡ് സുരക്ഷാ നിയമങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി പ്ലസ്ടു കഴിഞ്ഞ് വിദ്യാർത്ഥികൾക്ക് നേരിട്ട് ലേണേഴ്സിന് അപേക്ഷിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
റോഡ് നിയമങ്ങളെക്കുറിച്ച് യുവതലമുറകളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്സിഎംഎസ് സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ക്യാമ്പസിൽ സുരക്ഷായാനം ദ്വിദിന നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചത്. റോജി എം ജോൺ എംഎൽഎ അധ്യക്ഷനായി. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച് ജോയിന്റ് ഡയറക്ടർ കെ എം സെയ്ഫുദ്ദീൻ, എസ്സി എം എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ട് ഡയറക്ടർ ജി ആദർശ് കുമാർ, സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഷാജി മാധവൻ, ജില്ലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ജി അനന്തകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.