ന്യൂഡൽഹി > നാലു മാസത്തിലേറെയായി വംശീയകലാപം തുടരുന്ന മണിപ്പുരിൽ കഴിഞ്ഞദിവസം തെങ്നോപാൽ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. 50ൽപരം പേർക്ക് പരിക്കേറ്റു. മെയ്ത്തീ വിഭാഗക്കാർ കുക്കി ഗ്രാമങ്ങളിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതിനെത്തുടർന്നാണ് ഏറ്റമുട്ടലുണ്ടായത്. ഇരുഭാഗത്തും ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രണ്ടു പേരുടെ മരണം സംഭവിച്ചു. പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഒരാൾകൂടി ശനിയാഴ്ച മരിച്ചു.
മണിപ്പുരിൽ നാലുമാസത്തിനിടെ 200ൽപരം ആളുകൾ കൊല്ലപ്പെട്ടു. പൊലീസ് ക്യാമ്പുകളിൽനിന്ന് കവർച്ച ചെയ്ത 4000ൽപരം തോക്കും അരലക്ഷത്തോളം ചുറ്റ് തിരകളും തിരികെ പിടിക്കാനായിട്ടില്ല. ഇന്റർനെറ്റ് നിയന്ത്രണം 3000ൽപരം മണിക്കൂർ പിന്നിട്ടു.















