ന്യുഡൽഹി
ജി–-20 ഉച്ചകോടിയോട് അനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ അത്താഴവിരുന്നിന് രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയ്ക്ക് ക്ഷണമില്ല. രാഷ്ട്രത്തലവന്മാർക്കായി ഒരുക്കുന്ന അത്താഴവിരുന്നിൽ പ്രതിപക്ഷ നേതാക്കളെ വിളിക്കുന്ന കീഴ്വഴക്കമാണ് കേന്ദ്ര സർക്കാർ ലംഘിച്ചത്. ഖാർഗെയെ ക്ഷണിക്കാത്തതിനെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. രാജ്യത്തെ 60 ശതമാനം ജനങ്ങൾക്കും വിലകൊടുക്കാത്തതിന് തുല്യമാണിതെന്ന് ബ്രസൽസിൽ സന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
മുൻ പ്രധാനമന്ത്രിമാരായ എച്ച് ഡി ദേവഗൗഡ, മൻമോഹൻ സിങ് എന്നിവർക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ആരോഗ്യ കാരണങ്ങളാൽ പങ്കെടുത്തില്ല. ബിജെപി മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരും അത്താഴവിരുന്നിനെത്തി. സോണിയ ഗാന്ധിക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തില്ല.