തിരുവനന്തപുരം
യുവമാധ്യമപ്രവർത്തകയ്ക്കുനേരെ സമൂഹമാധ്യമങ്ങളിൽ ആക്രമണം അഴിച്ചുവിട്ട് കോൺഗ്രസ് സൈബർകൂട്ടം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് ടി21 ഓൺലൈൻ ചാനൽ അവതാരക പാർവതി ഗിരികുമാറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗിക അധിക്ഷേപം അടക്കം നടത്തിയത്. പുതുപ്പള്ളിയിലെ വികസനമുരടിപ്പ് തുറന്നുകാട്ടിയ വാർത്തകൾ നൽകിയതിന്റെ പേരിലാണ് അധിക്ഷേപം.
പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട പ്രൊഫൈലുകളുടെയും പേജുകളുടെയും പേരുവിവരങ്ങൾ അടക്കം തിരുവനന്തപുരം സൈബർ പൊലീസിൽ പാർവതി പരാതി നൽകി. “ഉമ്മൻചാണ്ടി അവർ ചീഫ് മിനിസ്റ്റർ’ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് പാർവതിക്കെതിരെ സൈബർ ആക്രമണം തുടങ്ങിയത്. അച്ചു ഉമ്മൻ പ്രൊഫൈൽ ചിത്രമായുള്ള വിപിൻദാസ് യക്കർ, കബീർ മലാസ് കബീർ മലാസ്, കെ ആർ രാജീവ് കണ്ണൂർ, സിനി ജോയ് തുടങ്ങി നിരവധി പ്രൊഫൈലുകളാണ് പാർവതിക്കെതിരെ സമൂഹമാധ്യമങ്ങളിലും കോൺഗ്രസ് ഗ്രൂപ്പുകളിലും അസഭ്യം പ്രചരിപ്പിക്കുന്നത്. പ്രൊഫൈലുകളിൽ കൂടുതലും വ്യാജമാണ്. കൊണ്ടോട്ടി നഗരസഭാ കൗൺസിലർ ബിബിൻലാൽ കോട്ടുകരയും പാർവതിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടിട്ടുണ്ട്.
“ഉപതെരഞ്ഞെടുപ്പ് ഫലം വന്ന് വൈകിട്ടോടെയൊണ് സമൂഹമാധ്യമങ്ങളിലെ ലൈംഗികാധിക്ഷപം ശ്രദ്ധയിൽപ്പെടുന്നത്. പുതുപ്പള്ളി മണ്ഡലത്തിന്റെ അവസ്ഥയും വികസനമില്ലായ്മയും വ്യക്തമാക്കുന്ന വീഡിയോകൾ ചെയ്തതിലുള്ള പക തീർക്കലാണ് ഇതിനുപിന്നിൽ. ശ്രദ്ധയിൽപ്പെട്ട സമൂഹമാധ്യമപോസ്റ്റുകളുടെയെല്ലാം സ്ക്രീൻഷോട്ട് സൂക്ഷിച്ചുവച്ചിട്ടുണ്ട്. പരാതിക്കൊപ്പം ഇവയും തെളിവായി പൊലീസിന് നൽകി’–- പാർവതി പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുകയോ സഭ്യമായ ഭാഷയിൽ വിമർശിക്കുകയോ ചെയ്താൽപ്പോലും രോഷംകൊള്ളുന്ന മുഖ്യധാരാ മാധ്യമങ്ങൾ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. സംഭവത്തിനു പിന്നാലെ കോൺഗ്രസിനെതിരെയും സംഭവം വാർത്തായാക്കാൻ മടിച്ച മുഖ്യധാരാ മാധ്യമങ്ങൾക്കെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശമുയർന്നു.