തിരുവനന്തപുരം
അർഹമായ നികുതിവിഹിതം നൽകാത്തതിനു പുറമെ വിവിധ പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതവും പിടിച്ചുവച്ച് കേരളത്തെ കേന്ദ്ര സർക്കാർ ശ്വാസംമുട്ടിക്കുന്നു. നെല്ലു സംഭരണം, സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം, ക്ഷേമപെൻഷൻ എന്നിവയ്ക്ക് അടക്കമുള്ള വിഹിതമാണ് തടഞ്ഞുവയ്ക്കുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കും മറ്റു വികസന പദ്ധതികൾക്കുമുള്ള പണവും നൽകുന്നില്ല.
നെല്ല് സംഭരിച്ച വകയിൽ 637.6 കോടിയും ഉച്ചഭക്ഷണ പദ്ധതിക്കായി 170.59 കോടി രൂപയുമാണ് കേന്ദ്രം നൽകാനുള്ളത്. സംസ്ഥാനം കണക്ക് നൽകുന്നില്ല എന്ന കള്ളം പ്രചരിപ്പിച്ചാണ് കുടിശ്ശിക നൽകാത്തതിനെ കേന്ദ്രം ന്യായീകരിക്കുന്നത്. നെല്ല് സംഭരിച്ച തുക നൽകാൻ 11 തവണയാണ് സംസ്ഥാനം നേരിട്ട് കേന്ദ്രത്തെ സമീപിച്ചത്. നിരവധി കത്തുകളുമെഴുതി. പ്രൊപ്പോസലുകളും ധനവിനിയോഗപത്രങ്ങളും സമയബന്ധിതമായി നൽകിയിട്ടും കേന്ദ്രം അനാവശ്യ തടസ്സവാദങ്ങളുയർത്തുന്നു.
ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതും സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതുംമൂലം വലിയ വരുമാന നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. സംസ്ഥാന റവന്യു വരുമാനത്തിന്റെ 45 ശതമാനം വിവിധ നികുതിവിഹിതമായി നൽകിയിരുന്ന കേന്ദ്രം അത് 30 ശതമാനമാക്കി. മറ്റു സംസ്ഥാനങ്ങൾക്ക് 70 ശതമാനംവരെ നൽകുമ്പോഴാണിത്.
എന്നാൽ, കേരളത്തിനായി ശബ്ദമുയർത്തേണ്ട പ്രതിപക്ഷമാകട്ടെ, ജനങ്ങളെ സർക്കാരിനെതിരെ തിരിക്കുക എന്ന രാഷ്ട്രീയലക്ഷ്യത്തോടെ കേന്ദ്രത്തിന്റെ അവഗണനയ്ക്ക് കുടപിടിക്കുന്നു. കേന്ദ്രത്തിൽ സമ്മർദം ചെലുത്താനോ പാർലമെന്റിൽ വിഷയമുയർത്താനോ 18 യുഡിഎഫ് എംപിമാരും തയ്യാറാകുന്നില്ല. സംസ്ഥാനം നികുതിപിരിവിൽ കാണിച്ച വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷ ആരോപണം. ചരിത്രത്തിലെ ഏറ്റവും വലിയ നികുതിവരുമാനം ഉണ്ടാക്കിയ സമയത്താണ് ഈ നുണപ്രചാരണം. 2021ൽ 47,000 കോടിയായിരുന്ന തനതു നികുതിവരുമാനം 2023ൽ 71,000 കോടിയായി.
അതേസമയം, കേന്ദ്രം സാമ്പത്തികമായി വരിഞ്ഞുമുറുക്കുമ്പോഴും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ഇടപെടലുമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. ഓണക്കാലത്ത് 18,000 കോടി രൂപയാണ് ജനങ്ങളിലെത്തിച്ചത്.