ന്യൂഡൽഹി
ചൈനയുടെ ‘ബെൽറ്റ് റോഡ് പദ്ധതി’ക്ക് ബദലായി അമേരിക്കൻ സമ്മർദത്തിൽ ഇന്ത്യ–-മധ്യേഷ്യ–-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് നേതാക്കൾ. ജി–-20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്.
മൂന്നു മേഖലയെയും റെയിൽ– -തുറമുഖ വഴികളിലൂടെ ബന്ധിപ്പിച്ച് വ്യാപാരം, ഈർജം, വൈദ്യുതി, അടിസ്ഥാനസൗകര്യ വികസനം തുടങ്ങി എല്ലാ മേഖലയിലും നിക്ഷേപം നടത്തും. അതേസമയം, പദ്ധതിക്കായി രാജ്യങ്ങൾ പണം ചെലവഴിക്കുന്നതിൽ വ്യക്തതയില്ല. ഇന്ത്യ, യൂറോപ്യൻ യൂണിയൻ, സൗദി അറേബ്യ, യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ധാരണപത്രവും ഒപ്പിട്ടു. സാമ്പത്തിക ഇടനാഴി അന്താരാഷ്ട്ര ഊർജസുരക്ഷയ്ക്ക് സംഭാവന നൽകുമെന്ന് മുഹമ്മദ് ബിൻ സൽമാൻ വിശേഷിപ്പിച്ചു. ചരിത്രപരം എന്നായിരുന്നു ബൈഡന്റെ പ്രതികരണം.
പ്രധാന ഊർജ ഉൽപ്പാദനമേഖലയായ മധ്യേഷ്യൻ രാഷ്ട്രങ്ങളെയും യൂറോപ്പിനെയും ചൈന റോഡ്, റെയിൽ, കടൽ കണക്ടിവിറ്റിയിലൂടെ ബന്ധിപ്പിച്ചത് മേഖലയിലെ അമേരിക്കൻ താൽപ്പര്യങ്ങളെ വൻതോതിൽ ബാധിച്ചിരുന്നു. മേധാവിത്വം വീണ്ടും ഉറപ്പാക്കുന്നതിന് ചൈനാ വിരുദ്ധ മുന്നണി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക ഇടനാഴി സാധ്യമാക്കാൻ മാസങ്ങളായി അമേരിക്ക സമ്മർദം ചെലുത്തുകയായിരുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് ഇടനാഴി ഗുണം ചെയ്യുമെന്നും ആഗോള വാണിജ്യത്തിൽ മധ്യേഷ്യക്ക് നിർണായക പങ്ക് നൽകുമെന്നുമാണ് യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ഫിനർ പറഞ്ഞത്.
അതേസമയം, പലസ്തീൻ വിഷയത്തിൽ നയതന്ത്രബന്ധംപോലും സൗദി വിച്ഛേദിച്ച ഇസ്രയേലും പദ്ധതിയുടെ ഭാഗമാണ്. ഇടനാഴി മുൻനിർത്തി ഇരുരാജ്യങ്ങളുടെ ബന്ധം മെച്ചെപ്പെടുത്താമെന്നും അമേരിക്ക കണക്കുകൂട്ടുന്നുണ്ട്.
ആഗോള ജൈവ ഇന്ധന സഖ്യം
ജി20 ഉച്ചകോടിയിൽ ഇന്ത്യ ആഗോള ജൈവ ഇന്ധന സഖ്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ജൈവ ഇന്ധനം പ്രോത്സാഹിപ്പിക്കാന് ഇന്ത്യയുടെ നേതൃത്വത്തില് വിവിധ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും വ്യവസായ സംരംഭങ്ങളുടെയും സഖ്യമാണിത്.
ജി20യിലെ ഏഴു രാജ്യമടക്കം ആകെ 19 രാജ്യങ്ങളും 12 രാജ്യാന്തരസംഘടനളും ഇതിനോടകം സഖ്യത്തിന് പിന്തുണ അറിയിച്ചു. യുഎസ്, അർജന്റീന, ബംഗ്ലാദേശ്, സിംഗപ്പൂർ, ബ്രസീൽ തുടങ്ങിയ രാഷ്ട്രത്തലവന്മാര് സഖ്യത്തിന്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.
ആഫ്രിക്കൻ യൂണിയന് അംഗത്വം
ജി–-20 കൂട്ടായ്മയിൽ ആഫ്രിക്കൻ യൂണിയന് (എയു) സ്ഥിരാംഗത്വം. ജി–-20 ഉച്ചകോടിയുടെ വേദിയിൽ അധ്യക്ഷനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പിന്നാലെ എയു പ്രസിഡന്റ് അസാലി അസൗമാനിയെ വിദേശമന്ത്രി എസ് ജയ്ശങ്കർ ഇരിപ്പടത്തിലേക്ക് ആനയിച്ചപ്പോൾ ലോകനേതാക്കൾ കൈയടിച്ച് സ്വാഗതം ചെയ്തു. 55 ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ എയു ഏഴുവർഷംമുമ്പ് ജി–-20 അംഗത്വത്തിനായി അപേക്ഷിച്ചിരുന്നു. ആഫ്രിക്കയിൽ വൻതോതിൽ അടിസ്ഥാന സൗകര്യ നിക്ഷേപം നടത്തുന്ന ചൈനയാണ് എയുവിന് ജി–-20 അംഗത്വം നൽകണമെന്ന് ആദ്യം ആവശ്യമുന്നയിച്ചത്. പിന്നീട് റഷ്യയും ആവശ്യമുന്നയിച്ചിരുന്നു. 19 രാഷ്ട്രവും യൂറോപ്യൻ യൂണിയനും ചേരുന്ന ജി–-20 കൂട്ടായ്മയുടെ അംഗബലം ഇതോടെ 21 ആയി ഉയർന്നു. അടുത്ത തവണമുതൽ ജി–-21 എന്നാകും കൂട്ടായ്മ അറിയപ്പെടുക. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകേണ്ടതുണ്ട്. നിലവിൽ ക്ഷണിക്കപ്പെട്ട അന്താരാഷ്ട്ര സംഘടനകളിൽ ഒന്നായിരുന്നു എയു.