ആലുവ
ആലുവ എടയപ്പുറത്ത് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം പ്രതി കടന്നത് ഓട്ടോറിക്ഷയിൽ. മാർവർ ജങ്ഷനിൽനിന്ന് ഓട്ടോറിക്ഷയിൽ കയറിയ പ്രതി ആദ്യമെത്തിയത് ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ്. ഇതിനകം സിസിടിവി കാമറകളിൽനിന്ന് ലഭിച്ച പ്രതിയുടെ ദൃശ്യങ്ങൾ പൊലീസ് പ്രചരിപ്പിച്ചിരുന്നു.
പ്രതി ചുമയ്ക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ടായിരുന്നു. ദൃശ്യം കണ്ട ഓട്ടോഡ്രൈവർക്ക് സംശയം തോന്നി. ദൃശ്യത്തിലുള്ള വ്യക്തിയുമായി സാമ്യമുള്ള യാത്രക്കാരൻ ഓട്ടോയിൽ കയറിയിരുന്നുവെന്നും ഇയാൾ യാത്രക്കിടയിൽ ചുമച്ചിരുന്നുവെന്നും ആലുവ സ്റ്റാൻഡിലാണ് ഇറങ്ങിയതെന്നും പൊലീസിനെ അറിയിച്ചു.
എന്നാൽ, ഇതിനകം പ്രതി അവിടെനിന്ന് കടന്നിരുന്നു. പൊലീസ് ഉടനെ ബസ് സ്റ്റാൻഡിലെത്തി ഇവിടെയുള്ള സിസിടിവി ദൃശ്യങ്ങളുമെടുത്തു. കൂടാതെ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, അതിഥിത്തൊഴിലാളികൾ കൂടുന്നയിടങ്ങൾ, തമ്പടിക്കുന്ന സ്ഥലങ്ങൾ, ബാറുകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന ശക്തമാക്കി. ഇതിനിടയിലാണ് പകൽ മൂന്നരയോടെ പ്രതിയെ കണ്ടെത്തുന്നത്. പാലത്തിനടിയിൽ ഇയാൾ ഒളിക്കാൻ ശ്രമിക്കുന്നത് അതിഥിത്തൊഴിലാളിയും കണ്ടിരുന്നു. ഇയാൾ അവിടെ കിടക്കുന്നതിനിടയിലാണ് ക്രിസ്റ്റിലും അവിടേക്ക് എത്തി ഒളിക്കാൻ ശ്രമിച്ചത്.
കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു
ആലുവ
പീഡനത്തിനിരയായ എട്ടുവയസ്സുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. സാധാരണപോലെ ആഹാരം കഴിക്കുന്നതായും സംസാരിക്കുന്നതായും, കുട്ടി ചികിത്സയിൽ കഴിയുന്ന എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണം തുടരുകയാണ്. കുട്ടിയുടെ ആരോഗ്യ, മാനസിക നില വിശദമായി നിരീക്ഷിച്ചശേഷമേ ഡിസ്ചാർജ് ചെയ്യൂവെന്നും സൂപ്രണ്ട് പറഞ്ഞു.