ന്യൂഡൽഹി> ഇന്ത്യ- അമേരിക്ക തന്ത്രപരമായ പങ്കാളിത്തം എല്ലാ മേഖലകളിലും വിശ്വാസത്തിലും പരസ്പര ധാരണയിലും അധിഷ്ഠിതമായി ദൃഢമായി തുടരാൻ ആഹ്വാനം ചെയ്ത് മോദി– ബൈഡൻ കൂടിക്കാഴ്ച. ജി- 20 ഉച്ചകോടിക്കായി ഡൽഹിയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണിത്. വൈകീട്ട് ഏഴുമണിയോടെ പാലം വിമാനത്താവളത്തിലെത്തിയ ബൈഡനെ കേന്ദ്രസഹമന്ത്രി ജനറൽ റിട്ട. വികെ സിങ് , ഇന്ത്യയിലെ യുഎസ് സ്ഥാനപതി എറിക് ഗാർസെറ്റി തുടങ്ങിയവർ സ്വീകരിച്ചു. ഇവിടെ നിന്ന് നേരിട്ട് മോദിയുടെ വസതിയിലേയ്ക്ക് അത്താഴവിരുന്നിനായി പോകുകയായിരുന്നു.
കേന്ദ്രസർക്കാർ ഉടക്കിട്ടതിനെ തുടർന്ന് വാർത്താസമ്മേളനം വിളിക്കുന്നതിന് പകരം സംയുക്ത പ്രസ്താവന മാത്രമാണ് പുറത്തുവിട്ടത്. യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് അമേരിക്കൻ പിന്തുണ ആവർത്തിച്ച ബൈഡൻ ചാന്ദ്രയാൻ ദൗത്യം വിജയിപ്പിച്ച ഐഎസ്ആർയെ അഭിനന്ദിച്ചു. സ്വതന്ത്രവും തുറന്നതുമായ ഇന്തോ- പസഫിക്ക് മേഖല സാധ്യമാക്കുന്നതിൽ ചൈന വിരുദ്ധമായ ക്വാഡിന്റെ പ്രധാന്യവും സമ്യുക്ത പ്രസ്താവനയിൽ ഊട്ടിയുറപ്പിച്ചു. പ്രതിരോധ സാങ്കേതിക വിദ്യ കൈമാറ്റം, യോജിച്ച സെമികണ്ടക്ടർ നിർമാണം എന്നിവയും ചർച്ചയായി. മൈക്രോചിപ്പ് സാങ്കേതിക വിദ്യയുടെ ഗവേഷണത്തിനും വിപുലീകരണത്തിനുമായി 300 മില്യൺ ഡോളർ അടുത്ത അഞ്ചുവർഷത്തിനിടെ ഇന്ത്യയിൽ നിക്ഷേപിക്കും. യുഎസ് കമ്പനികളായ മൈക്രോൺ, ലാം റിസർച്ച് തുടങ്ങിയവ ജൂണിൽ പ്രഖ്യാപിച്ച 400 മില്യൺ ഡോളറിന്റെ പദ്ധതി നടത്തിപ്പിലും നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി. കാലവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കലടക്കമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ബൈഡന് പുറമേ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈയ്ഖ് ഹസീന എന്നിവരുമായും മോദി വസതിയിൽ കൂടിക്കാഴ്ച നടത്തി. ഗതാഗത കണക്ടിവിറ്റി വർധിപ്പിക്കാനും സംസ്കാരിക ബന്ധം കൂടുതൽ ദൃഡമാക്കാനും ഷൈയ്ഖ് ഹസീനയുമായുള്ള ചർച്ചയിൽ ധാരണയായിട്ടുണ്ട്. ഉച്ചകോടിക്കായി എത്തുന്ന ഭൂരിഭാഗം ലോകനേതാക്കളുമായും മോദി ചർച്ച നടത്തും. ശനിയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, തുർക്കി പ്രസഡിന്റ് എർദോഗൻ, ബ്രസീൽ പ്രസിഡന്റ് ലുല ഡി സിൽ വ തുടങ്ങിയവരെയും മോദി കാണും.