ലക്നൗ > ബൈബിൾ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത് മതംമാറ്റത്തിനുള്ള പ്രലോഭനമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. യുപി മതപരിവർത്തന നിരോധന നിയമപ്രകാരം ശിക്ഷിക്കാവുന്ന കുറ്റമല്ല ഇതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഷമീം അഹമ്മദിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് നിർദേശം പുറപ്പെടുവിച്ചത്. ജോസ് പാപ്പച്ചൻ, ഷീജ എന്നിവർ നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നിർദേശം.
പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിലുൾപ്പെട്ടവരെ ക്രിസ്തുമതത്തിലേക്ക് മാറ്റിയെന്നാരോപിച്ച് ബിജെപി ഭാരവാഹി പരാതി നൽകിയിരുന്നു. പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധമില്ലാത്ത വ്യക്തിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാനാവില്ലെന്നും പ്രതികളാക്കപ്പെട്ട രണ്ടു പേർക്കും ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു. യുപി മതപരിവർത്തന നിരോധന നിയമപ്രകാരം ബാധിക്കപ്പെട്ടയാൾക്കോ കുടുംബാംഗങ്ങൾക്കോ മാത്രമാണ് പരാതി നൽകാൻ കഴിയുക. ഇതുമായി ബന്ധമില്ലാത്തവരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ബൈബിൾ വിതരണം ചെയ്യുക, വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക, മദ്യപിക്കരുതെന്ന് ഉപദേശിക്കുക തുടങ്ങിയവയൊന്നും മതംമാറാനുള്ള പ്രേരണയായി കണക്കാക്കാനാവില്ലെന്നും നിയമപ്രകാരം കുറ്റകരമല്ലെന്നും കോടതി നിരീക്ഷിച്ചു.