കൊച്ചി> പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത് നൈനാൻ (68) അന്തരിച്ചു. മൈസൂരിലെ വസതിയിലായിരുന്നു അന്ത്യം.
NINAN എന്ന പേരിൽ വരയ്ക്കുന്ന അജിത് നൈനാൻ മാത്യു 1955 മെയ് 15 ന് ആന്ധ്രാപ്രദേശിൽ മലയാളികളായ എ എം മാത്യുവിന്റെയും ആനി മാത്യുവിന്റെയും മകനായാണ് ജനിച്ചത്. എലിസബത്ത് നൈനാനാണ് ഭാര്യ. സംയുക്ത, അപരാജിത എന്നിവർ മക്കൾ. വിഖ്യാത കാർട്ടൂണിസ്റ്റ് അന്തരിച്ച അബു എബ്രഹാമിന്റെ സഹോദരീപുത്രനാണ്.
മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിഎയും എംഎയും നേടി. വിദേശ പ്രസിദ്ധീകരണങ്ങളിൽ അടക്കം വരയ്ക്കാറുണ്ട്.
ഇന്ത്യ ടുഡേ, ഇന്ത്യൻ എക്സ്പ്രസ്, ഔട്ട്ലുക്ക് എന്നിവയിൽ ജോലി ചെയ്ത അദ്ദേഹം ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യയിലാണ്. നൈനാൻസ് വേൾഡ് ടൈംസ് ഓഫ് ഇന്ത്യയിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കാർട്ടൂൺ പംക്തിയാണ്.















