ഏലപ്പാറ > മഞ്ഞിന്റെ കുളിരും പ്രകൃതിയുടെ മനോഹാരിതയും ആസ്വദിക്കാനായി വാഗമണ്ണിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി സാഹസികാനുഭൂതിയും ആസ്വദിക്കാം. കാന്റിലിവർ മാതൃകയിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസികവിനോദ പാർക്കും മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതോടെ വാഗമൺ ലോകം ടൂറിസം ഭൂപടത്തിൽ ഒഴിവാക്കാനാകാത്ത ഇടമായി.
സ്വകാര്യ സംരംഭകരുമായി ചേർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്ന് വാഗമൺ കോലാഹലമേട്ടിൽ ചില്ലുപാലം ഒരുക്കിയിരിക്കുന്നത്. 40 മീറ്ററാണ് ചില്ലുപാലത്തിന്റെ നീളം. ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ച പാലത്തിനു മൂന്ന് കോടി രൂപയാണ് നിർമാണച്ചെലവ്. 35 ടൺ സ്റ്റീലാണ് പാലം നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
വാഗമൺ അഡ്വഞ്ചർ പാർക്കിൽ നടന്ന ചടങ്ങിൽ വാഴൂർ സോമൻ എംഎൽഎ അധ്യക്ഷനായി. എം എം മണി എംഎൽഎ മുഖ്യാതിഥിയായി. ഭാരത് മാതാവെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജോമി പൂണോളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ആസൂത്രണസമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് എസ് നിത്യ, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ശ്രുതി പ്രദീപ്, സിനി വിനോദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി എസ് രാജൻ, സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ തിലകൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ജെ വാവച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
ഒരേസമയം 15 പേർക്ക് പ്രവേശനം
ചില്ല് പാലത്തിൽ ഒരേ സമയം 15 പേർക്കാണ് പ്രവേശനം. അഞ്ചു മുതൽ പത്ത് മിനിറ്റ് വരെ പാലത്തിൽ ചെലവഴിക്കാം. പാലത്തിൽ കയറി നിന്നാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകളുടെ വിദൂര ദൃശ്യങ്ങൾ വരെ ആസ്വദിക്കാൻ കഴിയും. റോക്കറ്റ് ഇജക്റ്റർ, ജയന്റ് സ്വിംഗ്, സിപ് ലൈൻ, സ്കൈ സൈക്ലിംഗ്, സ്കൈ റോളർ, ഫ്രീ ഫോൾ, ഹ്യൂമൻ ഗൈറോ തുടങ്ങി നിരവധി സാഹസിക സാധ്യതകളും അഡ്വഞ്ചർ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
റോഡും സൂപ്പർ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വാഗമണ്ണിലേക്ക് എത്തുന്ന സഞ്ചാരികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഈരാറ്റുപേട്ട – വാഗമൺ റോഡിനെയാണ്. ബി എം ബി സി നിലവാരത്തിൽ റോഡ് നിർമാണം പൂർത്തിയാക്കി തുറന്നുനല്കിയതോടെ സഞ്ചാരികൾക്ക് സുഗമമായ യാത്രയും സാധ്യമായി. പുളിയൻമല-–കുട്ടിക്കാനം മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം-ചപ്പാത്ത് റോഡിൻെറ ആദ്യ റീച്ച് നിർമാണം പൂർത്തീകരണത്തിൽ എത്തിനിൽക്കുന്നതും മേഖലയെ സഞ്ചാരസൗഹൃദമാക്കുന്നു.
എങ്ങനെ എത്താം
വാഗമണ്ണിൽനിന്ന് നാല് കിലോമീറ്റർ അകലെ കോലാഹലമേട്ടിലാണ് ഡിടിപിസി യുടെ അഡ്വഞ്ചർ പാർക്ക് സ്ഥിതിചെയ്യുന്നത്. തൊടുപുഴയിൽ നിന്നും 48 കിലോമീറ്ററും കട്ടപ്പനയിൽ നിന്നും 40 കിലോ മീറ്ററും പാലായിൽ നിന്നും 42 കിലോമീറ്ററും കുമിളിയിൽ നിന്ന് 52 കിലോമീറ്ററും കോട്ടയത്തു നിന്നും 69 കിലോമീറ്ററും കാഞ്ഞിരപ്പള്ളിയിൽനിന്ന് 47 കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെ എത്താം.