തിരുവനന്തപുരം
പുതുപ്പള്ളിയിൽ കടുത്ത മത്സരമുണ്ടാകുമെന്ന് നേരത്തേതന്നെ ബോധ്യപ്പെട്ട കോൺഗ്രസ് നേതൃത്വം ബിജെപിയുമായി ബാന്ധവത്തിലെത്തിയെന്ന ചർച്ച സജീവം. വോട്ടെടുപ്പിന് തൊട്ടുമുൻപ് കെപിസിസി അധ്യക്ഷനുൾപ്പെടെ കോൺഗ്രസിന്റെ നേതാക്കൾ നടത്തിയ ബിജെപി അനുകൂല പ്രസ്താവനകളും തെരഞ്ഞെടുപ്പ് നാൾ സ്ഥാനാർഥി തന്നെ നടത്തിയ ചില പരാമർശങ്ങളും ഇതിലേക്ക് വിരൽ ചൂണ്ടുന്നു.
വോട്ടെടുപ്പിന് തൊട്ടുമുൻപാണ് കെ സുധാകരൻ കുട്ടനാട് സന്ദർശിച്ച് കേന്ദ്രസർക്കാരിനെ പിന്തുണച്ച് സംസാരിച്ചത്. നെൽകർഷകരുടെ കുടിശ്ശികയ്ക്ക് കാരണം കേന്ദ്രമല്ലെന്ന വസ്തുതാവിരുദ്ധ പ്രസ്താവനയാണ് നടത്തിയത്. ബിജെപിയെ പ്രീണിപ്പിക്കലല്ലാതെ മറ്റൊരു ലക്ഷ്യവും അതിനുണ്ടായിരുന്നില്ല. കൊടിക്കുന്നിൽ സുരേഷ് വോട്ടെടുപ്പ് നടക്കുമ്പോഴാണ് അനവസരത്തിൽ സമാനമായ പ്രസ്താവന നടത്തിയത്. പോളിങിനിടെ യുഡിഎഫ് സ്ഥാനാർഥിയും കൂട്ടരും രാമൻ പ്രയോഗം നടത്തിയതും ബിജെപി വോട്ട് ലക്ഷ്യം വച്ചായിരുന്നുവെന്ന ചർച്ചയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഉമ്മൻചാണ്ടിയെ വീട്ടിൽ രാമൻ എന്ന് വിളിച്ചിരുന്നുവെന്നായിരുന്നു പരാമർശം.
ചാണ്ടി ഉമ്മനിൽ സഹതാപം എത്രമാത്രം ഫലിക്കുമെന്ന സംശയമായപ്പോഴാണ് ബിജെപിയുമായി ബാന്ധവത്തിലെത്തി എങ്ങനേയും വോട്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ തന്ത്രങ്ങൾ മെനഞ്ഞത്. 2016ൽ 15,993 ഉം 2021ൽ 11,694 വോട്ടുമാണ് ബിജെപിക്ക് കിട്ടിയിരുന്നത്. വോട്ട് കുറയാനുള്ള സാധ്യത ബിജെപി നേതാക്കൾതന്നെ സ്വകാര്യമായി സമ്മതിക്കുന്നുമുണ്ട്.