ബാങ്കോക്
ഇന്ത്യൻ ഫുട്ബോൾ ടീം കിങ്സ് കപ്പിനിറങ്ങുന്നു. നാല് രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആദ്യകളിയിൽ ഇന്ന് വൈകിട്ട് നാലിന് ഇന്ത്യ ഇറാഖിനെ നേരിടും. രാത്രി ഏഴിന് ആതിഥേയരായ തായ്ലൻഡ് ലെബനനുമായി ഏറ്റുമുട്ടും. നേരിട്ട് സെമിയാണ്. ജയിക്കുന്നവർ ഞായറാഴ്ച ഫൈനൽ കളിക്കും. ഈ വർഷം മൂന്ന് ടൂർണമെന്റ് ജയിച്ചാണ് ഇന്ത്യയുടെ വരവ്. ആദ്യം ത്രിരാഷ്ട്ര ടൂർണമെന്റ് ജയിച്ചു. പിന്നീട് ഇന്റർ കോണ്ടിനെന്റൽ കപ്പും സാഫ് കപ്പും സ്വന്തമാക്കി. ഈ വിജയങ്ങൾ ഇന്ത്യയുടെ ഫിഫ റാങ്ക് 99 ആയി ഉയർത്തി. ക്യാപ്റ്റൻ സുനിൽ ഛേത്രിയില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇറാഖിന്റെ റാങ്ക് 70 ആണ്. ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികളുണ്ട്. മുന്നേറ്റത്തിൽ മൻവീർ സിങ്, റഹീം അലി എന്നിവർക്കൊപ്പം തൃശൂർക്കാരൻ കെ പി രാഹുലുണ്ടാകും. മധ്യനിരയിൽ സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനുമുണ്ട്.
അടുത്തവർഷം ഖത്തറിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിനുള്ള ഒരുക്കമായാണ് കോച്ച് ഇഗർ സ്റ്റിമച്ച് ടൂർണമെന്റിനെ കാണുന്നത്. ലെബനനും (101) തായ്ലൻഡും (113) റാങ്കിങ്ങിൽ ഇന്ത്യക്ക് താഴെയാണ്.
എന്നാൽ, കിങ്സ് കപ്പ് തായ്ലൻഡിന്റെ കുത്തകയാണ്. 14 തവണ ജേതാക്കളായ തായ്ലൻഡ് 11 തവണ റണ്ണറപ്പായി. ഇന്ത്യ നാലാംതവണയാണ് ഈ ടൂർണമെന്റിൽ കളിക്കുന്നത്. 2019ലും 1977ലും മൂന്നാംസ്ഥാനം നേടി. 1981ൽ ഗ്രൂപ്പുഘട്ടത്തിൽ പുറത്തായി. ഇറാഖ് 2007ലെ റണ്ണറപ്പാണ്. ലെബനൻ 2009ൽ മൂന്നാമതെത്തി. കഴിഞ്ഞവർഷം തജിക്കിസ്ഥാനായിരുന്നു ജേതാക്കൾ. മലേഷ്യ റണ്ണറപ്പായി.
ടീം അംഗങ്ങൾ
ഗോൾകീപ്പർമാർ:- ഗുർപ്രീത് സിങ് സന്ധു, ഗുർമീത് സിങ്.
പ്രതിരോധക്കാർ: ആശിഷ് റായ്, സന്ദേശ് ജിങ്കൻ, അൻവർ അലി, മെഹ്താബ് സിങ്, നിഖിൽ പൂജാരി, ലാൽചുങ്നുങ്ക, ആകാശ് മിശ്ര.
മധ്യനിരക്കാർ: ജീകൻ സിങ്, സുരേഷ് സിങ്, ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ്, ബ്രണ്ടൻ ഫെർണാണ്ടസ്, അനിരുദ്ധ് ഥാപ്പ, രോഹിത് കുമാർ, മഹേഷ് സിങ്, ലല്ലിയാൻസുവാല.
മുന്നേറ്റക്കാർ: കെ പി രാഹുൽ, മൻവീർ സിങ്, റഹീം അലി.
മത്സരക്രമം
സെപ്തംബർ 7–- ഒന്നാംസെമി വൈകിട്ട് 4ന്
ഇന്ത്യ x ഇറാഖ്
രണ്ടാംസെമി രാത്രി 7ന് ലെബനൻ x തായ്ലൻഡ്
സെപ്തംബർ 10–- ലൂസേഴ്സ് ഫൈനൽ വൈകിട്ട് 4ന്
ഫൈനൽ രാത്രി 7ന്