ന്യൂയോർക്ക്
യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ സെർബിയയുടെ നൊവാക് ജൊകോവിച്ച് സെമിയിൽ കടന്നു. അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സിനെ 6–-1, 6–-4, 6–-4ന് തോൽപ്പിച്ചു. ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ 47–-ാംതവണയാണ് സെമിയിലെത്തുന്നത്. യുഎസ് ഓപ്പണിൽ 13–-ാംതവണ. യുഎസ് ഓപ്പണിൽ മൂന്ന് കിരീടമുള്ള മുപ്പത്താറുകാരൻ ഇത്തവണ 24–-ാംഗ്രാൻഡ് സ്ലാം കിരീടമെന്ന റെക്കോഡാണ് ലക്ഷ്യമിടുന്നത്. അമേരിക്കയുടെ ബെൻ ഷെൽട്ടനാണ് അടുത്ത എതിരാളി.
ഷെൽട്ടൻ നാട്ടുകാരനായ ഫ്രാൻസിസ് തിയോഫയെ 6–-2, 3–-6, 7–-6, 6–-2ന് കീഴടക്കി.
വനിതകളിൽ അമേരിക്കൻ താരം കൊകൊ ഗഫ് സെമിയിലെത്തി. ക്വാർട്ടറിൽ യെലേന ഒസ്റ്റപെങ്കയെ 6–-0, 6–-2ന് തകർത്തു. ചാമ്പ്യനായ ഇഗ ഷ്വാടെകിനെ മറികടന്ന് ക്വാർട്ടറിലെത്തിയ ലാത്വിയക്കാരിക്ക് ആ പ്രകടനം ആവർത്തിക്കാനായില്ല. ചെക്ക് താരം കരോലിന മുചോവയും അവസാന നാലിൽ സ്ഥാനംപിടിച്ചു. റുമാനിയയുടെ സൊറാന സിർസ്റ്റിയയെ തോൽപ്പിച്ചു (6–-0, 6–-3).
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ദെനും സെമിയിലെത്തി. അമേരിക്കൻ കൂട്ടുകെട്ടായ ലാമൺസ്–-ജാക്സനെ 7–-6, 6–-1ന് കീഴടക്കി. സെമിയിൽ ഫ്രഞ്ച് സഖ്യമായ നിക്കൊളാസ് മഹൂട്ട്–-പിയറി ഹ്യൂസിനെ നേരിടും.















