ബംഗളൂരു > കന്നട നടിയും മുൻ എംപിയുമായ ദിവ്യ സ്പന്ദന അന്തരിച്ചെന്ന് വ്യാജ പ്രചരണം. വിദേശത്ത് യാത്രയിലിരിക്കെ ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു എന്നാണ് പ്രചാരണം. വാര്ത്താ ചാനലുകളും വ്യക്തികളും വ്യാജ വാര്ത്ത ട്വീറ്റ് ചെയ്തിരുന്നു. ദിവ്യ സ്പന്ദന നിലവിൽ ജെനീവയിൽ നിന്ന് പ്രാഗിലേക്ക് യാത്ര ചെയ്യുകയാണെന്നും അവരുടെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല കുടുംബവും സുഹൃത്തുക്കളും അറിയിച്ചു.
കോൺഗ്രസ് നേതാവുകൂടിയായ ദിവ്യയെ സംബന്ധിച്ചുള്ള വ്യാജവാർത്തക്കെതിരെ തമിഴ്നാട് പിസിസി നേതൃത്വവും രംഗത്തെത്തി. ഏതാനും ടെലിവിഷന് ചാനലുകളില് വന്ന വാര്ത്ത 100 ശതമാനം തെറ്റാണെന്നും ദിവ്യ സുഖമായിരിക്കുന്നുവെന്നും- കോണ്ഗ്രസ് തമിഴ്നാട് ഘടകം വ്യക്തമാക്കി. മുന് ലോക്സഭാംഗമായ സ്പന്ദന അടുത്തിടെ ആത്മഹത്യാ ചിന്തകളുമായി മല്ലിടുന്നതിനെക്കുറിച്ച് തുറന്നുപറയുകയും കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി തനിക്ക് വൈകാരിക പിന്തുണ നല്കിയതായും വെളിപ്പെടുത്തിയിരുന്നു. വാരണം ആയിരം, ഡ്രീംസ് തുടങ്ങിയ തമിഴ് സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കും പരിചിതയാണ് നടി.















