ലക്നൗ > യുപിയിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും പിതാവിനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവിനെതിരെ കേസ്. ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് മസൂം റാസ റാഹിക്കെതിരെയാണ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.സാദത് കോട്വാലി പൊലീസാണ് കേസെടുത്തത്.
17കാരിയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ആഗസ്റ്റ് 28നായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മ മരണപ്പെട്ട ശേഷം പെൺകുട്ടിയും പിതാവും മൂന്ന് സഹോദരിമാരും സഹോദരനും റാഹയുടെ വീട്ടിൽ വാടകക്ക് താമസിച്ചുവരികയായിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതുകണ്ട് തടയാനെത്തിയ പിതാവിനെ ഇയാൾ മർദിക്കുകയായിരുന്നു. പരിക്കേറ്റ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു.
പോക്സോയ്ക്ക് പുറമേ ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.