തിരുവനന്തപുരം > മരണവീട്ടിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ബന്ധുക്കളുടെ മർദനമേറ്റ് ഒരാൾ മരിച്ചു. സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ചൊവ്വ വൈകിട്ട് നാലരയോടെ തൂങ്ങാംപാറ പൊറ്റവിളയിലാണ് സംഭവം. പൂവച്ചൽപാറ മുകളിൽ ന്യൂ ലൈഫ് ഓൾഡേജ് ഹോം എന്ന വൃദ്ധസദനം നടത്തുന്ന ചാമവിള പള്ളിത്തറ വീട്ടിൽ ജലജൻ (56) ആണ് കൊല്ലപ്പെട്ടത്. ജലജന്റെ സഹോദരീപുത്രിയുടെ ഭർത്താവ് കുറകോണം പാറമുകൾ സുനിൽ ഭവനിൽ സുനിൽ കുമാർ (35), സഹോദരൻ സാബു (33) എന്നിവരാണ് പിടിയിലായത്.
സുനിൽകുമാറിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ജലജനുമായി അത്ര രസത്തിലായിരുന്നില്ല. അഞ്ച് വർഷത്തോളമായി പല തവണ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് കൊലപാതകം. ചൊവ്വ വൈകിട്ട് പൊറ്റവിളയിൽ അടുത്ത ബന്ധുവിന്റെ സംസ്കാര ചടങ്ങിന് എത്തിയതായിരുന്നു രണ്ടുകൂട്ടരും. ഓട്ടോയിൽ എത്തിയ സുനിലും സാബുവും ഓമ്നി മാക്സിമ വാനിൽ എത്തിയ ജലജനുമായി മരണവീടിന് സമീപംവച്ച് വാക്കേറ്റവും സംഘർഷവും ഉണ്ടായി. ഇതിനിടെ സമീപത്തുണ്ടായിരുന്ന കരിങ്കല്ലെടുത്ത് ജലജന്റെ മുഖത്ത് ഇടിക്കുകയുമായിരുന്നു. ബോധംകെട്ടുവീണ ജലജനെ കാട്ടാക്കട പൊലീസ് എത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടർന്ന് ഓട്ടോയിൽ കയറി രക്ഷപ്പെട്ട സുനിൽ കുമാർ പിന്നീട് കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. സാബുവിനെ ആമച്ചലിന് സമീപമുള്ള ഭാര്യവീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാട്ടാക്കടയിൽ ചുമട്ടുതൊഴിലാളിയാണ് സുനിൽ കുമാർ. സാബു മുളമൂട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്.
വിജയകുമാരിയാണ് ജലജന്റെ ഭാര്യ. മക്കൾ: ഹബേൽ, ഡാനിയേൽ.
ജലജന്റെ മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തും. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ, കാട്ടാക്കട ഡിവൈഎസ്പി ഷിബു, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ശ്രീകാന്ത് എന്നിവരടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.