ന്യൂഡൽഹി
രാജ്യത്ത് പ്രതിപക്ഷ കൂട്ടായ്മ ശക്തമായതോടെ ‘ഇന്ത്യ’പേടി കലശലായി ബിജെപി. രാജ്യത്തിന്റെ പേരിൽ ഇന്ത്യയെന്നത് ബോധപൂർവ്വം ഒഴിവാക്കാനാണ് നീക്കം. ജി 20 ഉച്ചകോടിയിൽ ലോകനേതാക്കൾക്ക് ഒമ്പതിന് രാഷ്ട്രപതി ദ്രൗപദി മുർമു നൽകുന്ന വിരുന്നിന്റെ ക്ഷണക്കത്തിൽ ചരിത്രത്തിൽ ആദ്യമായി ‘പ്രസിഡന്റ് ഓഫ് ഭാരത്’ രേഖപ്പെടുത്തിയത് ഇതിന്റെ ഭാഗമാണെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ ആശങ്കപ്പെട്ടു. ഭരണഘടന പ്രസിഡന്റ് ഓഫ് ഇന്ത്യ എന്ന് വ്യക്തമായി പറയുന്നത് എല്ലാ കീഴ്വഴക്കവും ലംഘിച്ച് ഏകപക്ഷീയമായി ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് തിരുത്തുകയായിരുന്നു.
രാജ്യത്തിന്റെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ കാലഘട്ടംമുതൽ രാഷ്ട്രപതിഭവൻ പുറപ്പെടുവിക്കുന്ന ക്ഷണപത്രികകളിൽ തുടർന്നിരുന്ന കീഴ്വഴക്കമാണ് ലംഘിച്ചത്. ഇന്ത്യ എന്ന പദം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും സാധ്യമായ എല്ലാ ഇടങ്ങളിലും പുരാതന കാലംമുതലുള്ള ‘ഭാരത്’ എന്ന് പറയണമെന്നും ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ നിർദേശത്തിനു തൊട്ടുപിന്നാലെയാണ് മാറ്റം. ജി20 ഉച്ചകോടിയിലെ വിദേശ പ്രതിനിധികൾക്ക് നൽകുന്ന കൈപ്പുസ്തകത്തിലും ‘ഭാരത്; ജനാധിപത്യത്തിന്റെ മാതാവ്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതിപക്ഷ പാർടികളുടെ കൂട്ടായ്മയ്ക്ക് ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന പേര് നൽകിയതുമുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ബിജെപി നേതാക്കൾ രോഷം പ്രകടമാക്കിയിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യൻ മുജാഹിദീനിലും ഇന്ത്യയുണ്ടെന്ന് മോദി ആക്ഷേപിച്ചു. അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിസ്വ സർമ തന്റെ ട്വിറ്റർ ബയോ മുഖ്യമന്ത്രി, അസം, ഭാരത് എന്നാക്കി.
പതിനെട്ടിന് തുടങ്ങുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റാൻ മോദിസർക്കാർ ഭരണഘടനാ ഭേദഗതി ബിൽ കൊണ്ടുവരുമെന്ന പ്രചാരണവുമുണ്ട്. അഞ്ചു ദിവസത്തെ സമ്മേളനത്തിന്റെ അജൻഡയായി സർക്കാർ കാര്യപരിപാടി എന്നാണ് വിജ്ഞാപനം.
ഭരണഘടനയുടെ ആമുഖത്തിൽ ‘ഇന്ത്യ, എന്ന ഭാരത് സംസ്ഥാനങ്ങളുടെ യൂണിയൻ ആയിരിക്കും’ എന്നാണുള്ളത്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ രാജ്യസഭയിൽ ബിജെപി അംഗങ്ങളായ നരേഷ് ബൻസാലും ഹർനാഥ് സിങ് യാദവും ഭരണഘടനയിൽനിന്ന് ഇന്ത്യ എന്ന പദം നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്കായി വാങ്ങിയ പ്രത്യേക വിമാനത്തിന് ഭാരത് എന്നാണ് പേര് നൽകിയത്.