ന്യൂഡൽഹി> മണിപ്പുർ കലാപത്തോടുള്ള മാധ്യമങ്ങളുടെ സമീപനത്തെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയ എഡിറ്റേഴ്സ് ഗിൽഡ് വസ്തുതാന്വേഷണ സംഘാംഗങ്ങൾക്ക് എതിരെയും പ്രസിഡന്റ് സീമാ മുസ്തഫയ്ക്കെതിരെയും പൊലീസ് എടുത്ത കേസ് പിൻവലിക്കണമെന്ന് ഗിൽഡ് ആവശ്യപ്പെട്ടു.
ഇന്ത്യൻ വുമൺ പ്രസ് കോപ്സ്, പ്രസ് ക്ലബ് ഓഫ് മുംബൈ, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ്, പ്രസ് ക്ലബ് ഓഫ് മുംബൈ തുടങ്ങിയ മാധ്യമപ്രവർത്തക സംഘടനകളും മണിപ്പുർ പൊലീസിന്റെ നടപടിയ്ക്കെതിരായി രംഗത്തുവന്നു. വസ്തുതാന്വേഷണ സംഘാംഗങ്ങൾക്കെതിരെ കേസെടുത്ത നടപടി അസ്വസ്ഥതപ്പെടുത്തുവെന്ന് എഡിറ്റേഴ്സ് ഗിൽഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
മണിപ്പുർ മുഖ്യമന്ത്രിയുടെ ഭീഷണി സ്വരത്തിലുള്ള പ്രസ്താവന ഞെട്ടിക്കുന്നതാണ്. അങ്ങേയറ്റം വൈകാരികമായ ഒരു സാഹചര്യത്തിൽ മാധ്യമങ്ങളുടെ നിലപാടിനെ കുറിച്ചും സമീപനത്തെ കുറിച്ചും പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കാനാണ് ഗിൽഡ് ലക്ഷ്യമിട്ടത്. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടപ്പെട്ട ഒരു ചിത്രത്തിലെ അടിക്കുറിപ്പിൽ വന്ന പിശക് തിരുത്തുകയും ചെയ്തിരുന്നു. എഡിറ്റേഴ്സ് ഗിൽഡ് ദേശവിരുദ്ധരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അസ്വസ്ഥജനകമാണ്. മണിപ്പുർ പൊലീസ് എടുത്ത കേസുകൾ പിൻവലിക്കണം– ഗിൽഡ് വ്യക്തമാക്കി.