ന്യൂഡൽഹി> മണിപ്പുരിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിലും ചൂഷണങ്ങളിലും കടുത്ത ആശങ്ക പ്രകടമാക്കി യുഎൻ വിദഗ്ധർ. മണിപ്പുരിൽ സ്ത്രീകൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങൾ, കൊലപാതകങ്ങൾ, വീടുകൾ തകർക്കൽ, നിർബന്ധിത കുടിയൊഴിപ്പിക്കൽ, പീഡിപ്പിക്കൽ, പക്ഷപാതപരമായ സർക്കാർ നടപടികൾ തുടങ്ങിയ കാര്യങ്ങളിലാണ് യുഎൻ വിഗദ്ധർ ആശങ്ക പ്രകടമാക്കിയത്. എന്നാൽ യുഎൻ വിദഗ്ധരുടെ നിലപാടിനെ ഇന്ത്യ തള്ളിപ്പറഞ്ഞു. മണിപ്പുരിൽ സ്ഥിതി ശാന്തമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷൻ പ്രസ്താവിച്ചു.
യുഎന്നിന്റെ ‘സ്പെഷ്യൽ പ്രൊസീജർ മാൻഡേറ്റ് ഹോൾഡിങ് പുറത്തിറക്കിയ വാർത്താക്കുറിപ്പിയാണ് മണിപ്പുരിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടമാക്കിയത്. ‘ഇന്ത്യ: മണിപ്പുരിൽ പീഡനങ്ങൾ തുടരുന്നതിൽ ആശങ്ക പ്രകടമാക്കി യുഎൻ വിദഗ്ധർ’ എന്ന തലക്കെട്ടിലുള്ള വാർത്താക്കുറിപ്പിൽ കലാപത്തിന് ഇരയായവർക്ക് വേഗത്തിൽ സഹായങ്ങൾ എത്തിക്കുന്നതിൽ ഭരണസംവിധാനം പരാജയപ്പെട്ടുവെന്ന് വിമർശിക്കുന്നു. മണിപ്പുരിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകളും ചിത്രങ്ങളും ഞെട്ടിക്കുന്നതാണ്. വലിയ തോതിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടു. പ്രത്യേകിച്ച് കുകി വിഭാഗത്തിലെ സ്ത്രീകൾ. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് മണിപ്പുരിലുണ്ടായത്– വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഇതിനോടുള്ള പ്രതികരണമായാണ് മണിപ്പുരിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് യുഎന്നിലെ ഇന്ത്യൻ സ്ഥിരം മിഷൻ അവകാശപ്പെട്ടത്. സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മണിപ്പുരിൽ ഉൾപ്പെടെ ഇന്ത്യാക്കാരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. യുഎന്നിന്റേതായി പുറത്തുവന്ന വാർത്താക്കുറിപ്പ് അനാവശ്യവും ഊഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. മണിപ്പുരിലെ സ്ഥിതിഗതികളും സർക്കാർ സ്വീകരിച്ച നടപടികളും മനസ്സിലാക്കാതെയാണ് വാർത്താക്കുറിപ്പ്–- സ്ഥിരം മിഷൻ അവകാശപ്പെട്ടു.
ജി20 ഉച്ചകോടിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ മണിപ്പുരിലെ സാഹചര്യങ്ങളിൽ ആശങ്ക പ്രകടമാക്കിയുള്ള യുഎൻ വിദഗ്ധരുടെ റിപ്പോർട്ട് മോദി സർക്കാരിന് തിരിച്ചടിയായി. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് സർക്കാർ ആവർത്തിച്ച് അവകാശപ്പെടുന്ന ഘട്ടത്തിൽ കൂടിയാണ് യുഎൻ വിമർശനം എന്നതും ശ്രദ്ധേയം.