തിരുവനന്തപുരം> വാർഷിക മസ്റ്ററിങ് ചെയ്യാത്തതിന്റെ പേരിൽ ഒരാളും ക്ഷേമ പെൻഷൻ പദ്ധതിയിൽനിന്ന് പുറത്തുപോകില്ല. സാമുഹ്യസുരക്ഷ, ക്ഷേമ പെൻഷനുകൾ ഒരാൾക്കും നഷ്ടപ്പെടില്ലന്ന് ധന വകുപ്പ് വ്യക്തമാക്കി. ഓണത്തിന്റെ ഭാഗമായി കഴിഞ്ഞമാസം 57.42 ലക്ഷം പേർക്ക് രണ്ടുമാസത്തെ പെൻഷൻ വീതം വിതരണം ചെയ്തിട്ടുണ്ട്. സാമൂഹ്യസുരക്ഷ പെൻഷൻ 50,67,633 പേർക്കും, ക്ഷേമനിധി ബോർഡ് പെൻഷൻ 6.74,245 പേർക്കും ലഭിച്ചു.
വാർഷിക പെൻഷൻ മസ്റ്റിങ് കണക്കിൽ സാമൂഹ്യസുരക്ഷ പെൻഷൻ വിഭാഗത്തിൽ 44.57 ലക്ഷം പേരും, ക്ഷേമനിധി പെൻഷൻ വിഭാഗത്തിൽ 9.32 ലക്ഷം പേരും മസ്റ്റർ ചെയ്തു. പലതവണ കലാവധി നീട്ടിനൽകിയിട്ടാണ് വാർഷിക മസ്റ്ററിങ് കഴിഞ്ഞ 31ന് അവസാനിപ്പിച്ചത്. എന്നാൽ, തുടർന്നും എല്ലാ മാസവും ഒന്നുമുതൽ 20വരെ തീയതികളിൽ മസ്റ്ററിങ് പൂർത്തിയാക്കാൻ സൗകര്യമുണ്ട്. ഇത് ചെയ്യുന്ന മുറയ്ക്ക് പെൻഷൻ ലഭ്യമാകും.
നിലവിൽ പെൻഷൻ വിവരശേഖരത്തിൽ സാമൂഹ്യസുരക്ഷ വിഭാഗത്തിൽ 52.53 ലക്ഷം പേരുടെയും, ക്ഷേമനിധി വിഭാഗത്തിൽ 12.6 ലക്ഷം പേരുടെ വിവരങ്ങൾ ലഭ്യമാണ്. ഇതിൽ ഒരാളെപോലും പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടില്ല, ഒഴിവാക്കുകയുമില്ലെന്ന് ധന വകുപ്പ് വ്യക്തമാക്കി. മരണപ്പെട്ടവർ മസ്റ്ററിങ്ങിലൂടെ ഒഴിവാക്കപ്പെടുന്നുണ്ട്. സംസ്ഥാനം വിട്ട് മക്കൾക്കൊപ്പവും മറ്റും താമസിക്കുന്നവർക്ക് മസ്റ്ററിങ് സാധ്യമായിട്ടില്ലെന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കടക്കം നാട്ടിലെത്തി മസ്റ്ററിങ് പൂർത്തിയാക്കിയാൽ പെൻഷൻ ലഭിക്കും.