കരിപ്പൂർ> വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച നാല് കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 2.5 കോടി രൂപ വിലവരുന്നതാണ് സ്വർണം. ജിദ്ദയിൽനിന്ന് കരിപ്പൂരിലെത്തിയ ഇൻഡിഗോ എയർലൈൻസ് വിമാനത്തിന്റെ മൂന്ന് സീറ്റുകൾക്ക് അടിയിൽ ഒളിച്ചുവച്ച ഒരു കിലോഗ്രാം വീതം തൂക്കംവരുന്ന മൂന്ന് സ്വർണ ബിസ്ക്കറ്റുകളാണ് ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തിയത്.
അബുദാബിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് മടവൂർ സ്വദേശി പാമ്പുങ്ങൽ മുഹമ്മദ് ഫാറൂഖ് ഒളിച്ച് കടത്താൻ ശ്രമിച്ച സ്വർണവും കണ്ടെടുത്തു. ഗുളിക രൂപത്തിലാക്കി ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലും ഒളിച്ചുവച്ചുമാണ് ഇയാൾ സ്വർണം കൊണ്ടുവന്നത്. 811 ഗ്രാം സ്വർണ മിശ്രിതവും 164 ഗ്രാം സ്വർണമാലയുമാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. മുഹമ്മദ് ഫാറൂഖിന് 70,000 രൂപയും വിമാന ടിക്കറ്റും ആണ് കള്ളക്കടത്തുസംഘം വാഗ്ദാനം ചെയ്തത്.
കസ്റ്റംസ് അസിസ്റ്റന്റ് കമീഷണർമാരായ രവീന്ദ്രകെനി, കെ കെ പ്രവീൺകുമാർ, സൂപ്രണ്ടുമാരായ പ്രകാശ് ഉണ്ണിക്കൃഷ്ണൻ, കുഞ്ഞുമോൻ, വിക്രമാദിത്യ കുമാർ, ഇൻസ്പെക്ടർമാരായ ഇരവികുമാർ, ജോസഫ് കെ ജോൺ എന്നിവരാണ് സ്വർണം പിടികൂടിയത്.