കൊച്ചി> മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പുതിയ വിജ്ഞാപനം ദുർവ്യാഖ്യാനം ചെയ്ത് സംസ്ഥാനത്ത് കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഉപയോഗിക്കുന്നത് കർശനമായി തടയുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.
ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസ് പെർമിറ്റ് നൽകുന്നതിന്റെ ഭാഗമായുള്ള പുതിയ വിജ്ഞാപനം മോട്ടോർ വെഹിക്കിൾ ആക്ടിന് വിരുദ്ധമാണ്. ഈ വിജ്ഞാപനത്തിന്റെ പേരിൽ കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് ബസുകളായി ഉപയോഗിക്കാൻ കഴിയില്ല. അത്തരം നിയമ ലംഘനം നടത്തുന്ന വാഹനങ്ങളുടെ ഉടമകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും. നിയമ ലംഘനം നടത്തി ഓടുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം വാഹന ഉടമയ്ക്ക് മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിജ്ഞാപനത്തിന്റെ പേരിൽ നടത്തുന്ന നിയമ ലംഘനം സ്വകാര്യ സ്റ്റേജ് കാര്യേജ് ബസുകളുടെയും കെഎസ്ആർടിസി ബസുകളുടെയും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നിയമ ലംഘനം അനുവദിക്കില്ല. നിയമ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആർടിഒമാരുടെയും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർമാരുടെയും യോഗം 12ന് തിരുവനന്തപുരത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു.
തെറ്റായ മേൽവിലാസം നൽകി അന്യ സംസ്ഥാനങ്ങളിൽ കുറഞ്ഞ തുകയ്ക്ക് രജിസ്റ്റർ ചെയ്ത ബസുകൾ കേരളം കേന്ദ്രീകരിച്ച് ഓടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള 52 വാഹനങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനം കേന്ദ്രീകരിച്ച് ഓടണമെങ്കിൽ ഈ വാഹനങ്ങൾ ഇവിടെ രജിസ്റ്റർ ചെയ്യണം. അതിനായി രണ്ടാഴ്ച സമയം നൽകിയിട്ടുണ്ട്. സമയപരിധി കഴിഞ്ഞും രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു. കോൺട്രാക്ട് കാര്യേജ് ബസുകൾ നിയമം ലംഘിച്ച് സർവ്വീസ് നടത്തുന്നതിനെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി കൊച്ചിയിൽ ചേർന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഉത്സവ സീസണുകളിൽ ദീർഘദൂര യാത്രക്കാരെ അമിതമായി ചൂഷണം ചെയ്യുന്നത് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് വന്നതോടെ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. നേരത്തെ ഉത്സവ സീസണുകളിൽ അഞ്ചിരട്ടിവരെ ചാർജ് ഈടാക്കിയിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഉൾപ്പെടെ 397 ബസുകൾ നിരത്തിലിറക്കി. 133 ബസുകൾക്ക് വർക്ക് ഓർഡർ കൊടുത്തിട്ടുണ്ട്. 53 ഇലക്ട്രിക് ബസുകൾക്കും 25 കോടി രൂപയുടെ ലക്ഷ്വറി ബസുകൾക്കും ഓർഡർ കൊടുത്തിട്ടുണ്ട്. ആറു മാസത്തിനകം 200 ബസുകൾ കൂടി ഇറക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് വിജയമായ സിറ്റി സർക്കുലർ ഇലക്ടിക് ബസ് സർവീസുകൾ കൊച്ചിയിൽ രണ്ടു മാസത്തിനകം ആരംഭിക്കുമെന്നും എറണാകുളത്ത് നിന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വൈറ്റിലയിലേക്കു മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ 31 നകം സംസ്ഥാനത്ത് സർവീസ് നടത്തുന്ന എല്ലാ ബസുകളിലും ലോറികളിലും ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ് ഉണ്ടായിരിക്കണം. ഡ്രൈവറെ കൂടാതെ ബസുകളിൽ മുന്നിലിരിക്കുന്നവർക്കും ലോറികളിലെ സഹായികൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. കെഎസ്ആർസിസി, സ്വകാര്യബസുകളിൽ ഒക്ടോബർ 31 നകം കാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ഉന്നതതല യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത്, നിയമ വിദഗ്ധർ, ഗതാഗത വകുപ്പിലെയും മോട്ടോർ വാഹന വകുപ്പിലെയും കെഎസ്ആർടിസിയിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.