ന്യൂഡൽഹി> ഒരേസമയം രണ്ട് വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചുവെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാൾ നേരിട്ട് ഹാജരാകണമെന്ന് ഡൽഹി കോടതി. ബിജെപി നേതാവ് ഹരീഷ് ഖുറാന സമർപ്പിച്ച ഹർജിയിലാണ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അർജീന്ദർ കൗറിന്റെ നിർദേശം.
2019ൽ സാഹിബാബാദ് (ഗാസിയാബാദ് നിയോജകമണ്ഡലം), ചാന്ദ്നി ചൗക്ക് എന്നിവിടങ്ങളിലെ വോട്ടർ പട്ടികയിൽ സുനിതയുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും കാട്ടിയാണ് ഖുറാനയുടെ ഹർജി. പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴികളിൽ നിന്ന് പ്രഥമദൃഷ്ട്യാ സുനിത ശിക്ഷക്കപ്പെടേണ്ട കുറ്റം ചെയ്തിട്ടുണ്ടെന്നും അവർ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിക്കുകയായിരുന്നു. വിഷയം നവംബർ 18ന് വീണ്ടും പരിഗണിക്കും.