പുതുപ്പള്ളി> രണ്ട് കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ അന്വേഷണമാവശ്യപ്പെടാനും പരാതിപ്പെടാനും കോൺഗ്രസ് തയ്യാറുണ്ടോ എന്ന് സഹകരണമന്ത്രി വി എൻ വാസവൻ ചോദിച്ചു. അന്വേഷിച്ചാൽ കൃത്യമായ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയും. പള്ളിക്കത്തോട് പഞ്ചായത്ത് മുൻ പ്രസിഡന്റും ഡിസിസി മുൻ ഭാരവാഹിയുമായ വിജയകുമാറും മറ്റൊരു കോൺഗ്രസ് നേതാവായ എം മധുവും തമ്മിലുള്ള സംഭാഷണമാണ് ഓഡിയോ ക്ലപ്പിലുള്ളത്. അത് പുറത്തുവന്നതിൽ എൽഡിഎഫിന് യാതൊരു പങ്കുമില്ലെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകും. പാമ്പാടി എംജിഎം എച്ച്എസ്എസിൽ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഡിയോ ക്ലിപ്പിന്റെയും വീഡിയോ ക്ലിപ്പിന്റെയുമൊന്നും ഉത്തരവാദിത്തം ഇടതുപക്ഷത്തിന്റെ തലയിൽ കെട്ടിവെയ്ക്കണ്ട. ഉമ്മൻചാണ്ടിയെ വേട്ടയാടിയതിന് മാപ്പ് ചോദിക്കേണ്ടത് യഥാർഥത്തിൽ കോൺഗ്രസുകാർ തന്നെയാണ്. കെപിസിസി അംഗമായ മല്ലേലിൽ ശ്രീധരൻ നായർ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് സോളാർ കേസിൽ എഫ്ഐആർ ഇട്ടത്. ജോപ്പനെ അറസ്റ്റ് ചെയ്തതും ശിവരാജൻ കമീഷനെ വെച്ചതും അവരുടെ കാലത്ത് അവർ തന്നെയാണ്. പ്രതിപക്ഷത്തിന്റെ കടമ നിർവഹിക്കുക മാത്രമാണ് ഇക്കാര്യത്തിൽ എൽഡിഎഫ് ചെയ്തത്. പോളിങ് ശതമാനം കൂടുന്നതും കുറയുന്നതും വിജയപരാജയങ്ങളെ തീരുമാനിക്കുന്ന ഘടകമല്ല. വികസനചർച്ചകളിൽനിന്ന് തുടക്കം മുതലേ യുഡിഎഫ് ഒളിച്ചോടി. ഭൂരിപക്ഷത്തിന്റെ കണക്കുകൾ പറഞ്ഞ് യുഡിഎഫുകാർ സ്വപ്നം കണ്ടോട്ടെയെന്നും മന്ത്രി പറഞ്ഞു.