കൊച്ചി> നിലമ്പൂരില് നിന്നുള്ള പുതിയ ടയര് ബ്രാന്റായ സിറ്റ്കോ ടയറിന്റെ ഉദ്ഘാടനം മന്ത്രി പി രാജീവ് കൊച്ചിയില് നിര്വഹിച്ചു. മാനുഫാക്ചറിങ്ങ് മേഖലയില് കേരളത്തില് ആരംഭിക്കുന്ന പുതിയ സംരംഭത്തിലൂടെ 200ലധികം ആളുകള്ക്ക് തൊഴില് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.റബ്ബറിന്റെ മൂല്യവര്ധിത ഉല്പന്നങ്ങളുടെ നിര്മാണ രംഗത്ത് കേരളത്തില് അനന്തമായ സാധ്യതകളാണുള്ളത്. വ്യവസായ വകുപ്പ് ഇത്തരം ഉല്പന്നങ്ങളുമായി വിപണിയിലെത്തുന്നവര്ക്ക് മികച്ച പിന്തുണയാണ് നല്കിവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
25 കോടി ചിലവില് 3 ഏക്കര് ഭൂമിയില് ഏറനാട് വിജയപുരത്ത് ആരംഭിച്ചിരിക്കുന്ന കമ്പനിയില് നിലവില് ബൈക്ക്, സ്കൂട്ടര്, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളുടെ ടയറുകളാണ് നിര്മിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വ്യവസായങ്ങളാരംഭിക്കുന്നതിനും തടസങ്ങളില്ലാതെ നടത്തിക്കൊണ്ടുപോകുന്നതിനും ഇപ്പോള് കേരളത്തില് സാധിക്കുന്നുണ്ട്. പുതിയ വ്യവസായ നയം പ്രകാരം റബ്ബര് അധിഷ്ഠിത വ്യവസായങ്ങള്ക്ക് മികച്ച പ്രോത്സാഹനമാണ് സര്ക്കാര് നല്കുന്നത്.
1050 കോടി രൂപയുടെ റബ്ബര് പാര്ക്കും കോട്ടയം ജില്ലയില് ആരംഭിക്കുന്നുണ്ട്. ഇതിന്റെ കൂടി ഭാഗമായി ടയര് നിര്മാണ- വിപണന രംഗങ്ങളിലും മാറ്റമുണ്ടാകുന്നു എന്നാണ് പുതിയ ടയര് കമ്പനി സൂചിപ്പിക്കുന്നത്. ഗുണമേന്മയില് അന്താരാഷ്ട്ര നിലവാരമുള്ള ടയറുകള് സിറ്റ്കോ ടയറില് നിന്നും വിപണിയിലെത്തട്ടെ എന്ന് ആശംസിക്കുന്നു. കൂടുതല് കമ്പനികള്ക്ക് കേരളത്തിലേക്ക് കടന്നുവരാന് പ്രോത്സാഹനമാകട്ടെയെന്നും മന്ത്രി ആശംസിച്ചു.സിറ്റ്കോ ചെയര്മാന് പാണക്കാട് ഹമീദലി ഷിഹാബ് തങ്ങള് അധ്യക്ഷത വഹിച്ചു. പിവി അബ്ദുള് വഹാബ് എംപി, നിലമ്പൂര് നഗരസഭ ചെയര്മാന് സലീം മാട്ടുമ്മല്, സിറ്റ്കോ ഡയറക്ടര്മാരായ സലീം എടക്കര എം റ്റി ഷമീര് ഇസ്ഹാബ് അടുക്കത്ത് തുടങ്ങിയവര് സംസാരിച്ചു.